വേഗപ്പൂട്ടില്ലാതെ സർവീസ്: മൂന്ന് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
1513738
Thursday, February 13, 2025 7:14 AM IST
കാക്കനാട്: വേഗപ്പൂട്ടില്ലാതെ സർവീസ് നടത്തിയ മൂന്ന് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹനവകുപ്പ് അധികൃതർ റദ്ദാക്കി. എറണാകുളം -കോട്ടയം റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളാണ്പിടിയിലായത്.
നിരവധി വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കും വിധം പൂത്തോട്ട - ഉദയംപേരൂർ ഭാഗങ്ങളിൽ ഈ സ്വകാര്യ ബസുകൾ മത്സര ഓട്ടം നടത്തുന്നതായും ഹോൺമുഴക്കി അമിതവേഗതയിൽ സർവീസ് നടത്തുന്നതായുമുള്ള പരാതിയെ തുടർന്ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജിന്റെ നിർദേശപ്രകാരം വെഹിക്കിൾ ഇൻസ്പെക്ടർ സി.എസ്. വിതിൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരാതിയിലുള്ള രണ്ടു ബസുകൾ പിടികൂടുകയായിരുന്നു.
പരിശോധനയിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ചതായി കണ്ടെത്തി. കാഞ്ഞിരമറ്റം ഭാഗത്ത് നിന്നു വന്ന മറ്റൊരു ബസിലെ ഡ്രൈവർ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഈ ബസും തടഞ്ഞു പരിശോധിച്ചപ്പോൾ വേഗപ്പൂട്ട് അഴിച്ചിട്ടിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. മൂന്നു ബസുകളുടെയും ഫിറ്റ്നസ് എൻഫോഴ്സ്മെന്റ് ആർടിഒ റദ്ദാക്കുകയായിരുന്നു.
അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിനും ഡ്രൈവിംഗിനിടയിൽ മൊബൈ ൽ ഫോൺ ഉപയോഗിച്ചതിനും വിശദീകരണം ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകി.