പാർക്കിംഗ് അനുവദിച്ചില്ലെന്ന് ആരോപിച്ച് ആശുപത്രി ജീവനക്കാരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
1513721
Thursday, February 13, 2025 7:14 AM IST
മൂവാറ്റുപുഴ: പാർക്കിംഗ് അനുവദിച്ചില്ലെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്സിപിഒ ചേർത്തല ചിറ്റേഴത്തുവേലി ഷഫീഖ് ആണ് കാർ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കി നൽകിയില്ലെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മർദിച്ചത്.
ഇന്നലെ രാവിലെ 9.30ഓടെ മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റ ആശുപത്രിയിലെ സുരക്ഷ ഉദ്യോഗസ്ഥരായ പുനലൂർ സ്വദേശി സനിൽ കുമാർ, വയനാട് സ്വദേശി വി.കെ. അനീഷ് എന്നിവരെ കോലഞ്ചേരിയിലും മൂവാറ്റുപുഴയിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ചികിത്സയ്ക്കായാണ് ഷഫീഖ് കാറിൽ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലെ പ്രവേശന കവാടത്തിനു സമീപം കാർ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ സുരക്ഷ ഉദ്യോഗസ്ഥർ സമീപത്തു തന്നെയുള്ള മറ്റൊരു സ്ഥലത്ത് പാർക്ക് ചെയ്യാൻ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. മറ്റൊരു പാർക്കിംഗ് ഏരിയയിലേക്കു വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ ആശുപത്രി അധികൃതർ നൽകിയ പരാതിയെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഷഫീക്കിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പോലീസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു. ഇതിനു മുൻപും സമാനമായ വിധത്തിൽ പാർക്കിംഗിനെ ചൊല്ലി സുരക്ഷ ജീവനക്കാരെ ഇയാൾ ആക്രമിച്ചിരുന്നതായി ആശുപത്രി മാനേജിംഗ് ഡയറക്ടർ സബൈൻ ശിവദാസ് പറഞ്ഞു.