കോട്ടപ്പാറ വനത്തിലെ കടുവാ സാന്നിധ്യം ; കാമറകളുടെ എണ്ണം കൂട്ടി, നിരീക്ഷണം ശക്തമാക്കി
1513722
Thursday, February 13, 2025 7:14 AM IST
കോതമംഗലം: കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കോട്ടപ്പാറ വന മേഖലയില്‍ രാത്രികാല പട്രോളിംഗിനൊപ്പം കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം കൂടുതൽ ശക്തമാക്കി. ഇന്നലെ രണ്ട് കാമറ കൂടി സ്ഥാപിച്ചു. ഇതോടെ നിരീക്ഷണ കാമറകളുടെ എണ്ണം എട്ടായി.
പ്രദേശത്ത് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള പണികളും ആരംഭിച്ചു. എന്‍ടിസിഎ കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തില്‍ കടുവ വന്നുപോയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി അവലോകനയോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.
കുളങ്ങാട്ടുകുഴി ഭാഗത്ത് ഹാംഗിംഗ് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. മൂന്ന് പഞ്ചായത്തുകളുടെ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നേരത്തെ തീരുമാനിച്ച 30 കിലോമീറ്റര്‍ ഹാംഗിംഗ് ഫെന്‍സിംഗ് പദ്ധതിയാണിത്.
വനത്തില്‍ കടുവ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് പ്രദേശവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാവേലി മുതല്‍ വേട്ടാംപാറ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മാണം അടിയന്തരമായി നടപ്പാക്കുന്നത്. കുളങ്ങാട്ടുകുഴി ഭാഗത്ത് ഇതിന്റെ നിര്‍മാണം ഇന്നലെ തുടങ്ങി.
അടിക്കാട് വെട്ടിത്തെളിച്ച് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ലൈന്‍ മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. കടുവ ജനവാസ മേഖലയില്‍നിന്നും കൂടുതല്‍ അകന്നുപോയെന്ന് ഉറപ്പാകുന്നതുവരെ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.