രജത ജൂബിലി ആഘോഷിച്ചു
1513714
Thursday, February 13, 2025 7:14 AM IST
കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷവും സ്കൂൾ വാർഷികവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. എംജി സർവകലാശാല മുൻ വൈസ് ചാൻസിലർ സിറിയക് തോമസ് മുഖ്യപ്രഭാഷണവും കെ.ആർ. നാരായണൻ മെറിറ്റോറിയസ് സ്കോളർഷിപ് വിതരണവും നടത്തി.
ഹയർ സെക്കൻഡറി രജത ജൂബിലിയുടെ ഭാഗമായി 25 ബാച്ചിലെയും ഓരോ വിദ്യാർഥികൾ ചേർന്ന് 25 തിരിതെളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സ്കൂൾ ചെയർമാൻ ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം സിൽവർ ജൂബിലി സന്ദേശം നൽകി.
ജില്ല പഞ്ചായത്തംഗം ഉല്ലാസ് തോമസ് ഉപഹാര സമർപ്പണം നടത്തി. ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷത്തിൽ പൂർവ വിദ്യാർഥി സംഗമം, മെഗാ ക്വിസ് മത്സരം, രജത ജൂബിലി സ്മരണിക പ്രകാശനം തുടങ്ങിയ ഒട്ടേറെ പരിപാടികൾ നടക്കും.