ഡൽഹി ചലോ മാർച്ച്; സമരസന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
1513726
Thursday, February 13, 2025 7:14 AM IST
നെടുമ്പാശേരി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പതിനെട്ടിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനായി ഇരുചക്ര വാഹനത്തിൽ പുറപ്പെടുന്ന വ്യാപാരി കുടുംബങ്ങളുടെ ഡൽഹി ചലോ മാർച്ച് സമര സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു.
കുന്നുകര യൂണിറ്റ് പ്രസിഡന്റ് ടി.ആർ. ജേക്കബ്, ഭാര്യ ജാൻസി ജേക്കബ് എന്നിവരാണ് നെടുമ്പാശേരിയിൽനിന്നു ഡൽഹിയിലേക്ക് സമര സന്ദേശവുമായി ഇരുചക്ര വാഹനത്തിൽ യാത്രതിരിച്ചത്.
ഓൺലൈൻ വ്യാപാരത്തിന് സെസ് ഏർപ്പെടുത്തുക, വാടകയ്ക്ക് ജിഎസ്ടി ചുമത്താനുള്ള കൗൺസിൽ തീരുമാനങ്ങൾ പുന: പരിശോധിക്കുക, സ്വദേശി-വിദേശി കുത്തകകളിൽ നിന്നും ചെറുകിട വ്യാപാര മേഖലയെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാരികൾ പാർലമെന്റ് മാർച്ച് നടത്തുന്നത്.
പാർലമെന്റ് മാർച്ചിന്റെ പ്രചരണാർഥം ജില്ലയിൽ കോലഞ്ചേരിയിൽ വ്യാഴാഴ്ച സമര പ്രഖ്യാപനം നടത്തുമെന്ന് പി.സി. ജേക്കബ് അറിയിച്ചു. ജില്ലയിൽനിന്നു വനിതകൾ ഉൾപ്പെടെ രണ്ടായിരം വ്യാപാരികൾ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നെടുമ്പാശേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സി.പി.തരിയൻ അധ്യക്ഷനായിരുന്നു. അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം പ്രസിഡന്റ് ജോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കുന്നുകരയിൽ പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു.