ഗോശ്രീ ബസുകളുടെ നഗര പ്രവേശനം: സമരം തുടരുമെന്ന് സർവകക്ഷി സമ്മേളനം
1513724
Thursday, February 13, 2025 7:14 AM IST
വൈപ്പിൻ: കൊടുങ്ങല്ലൂർ, പറവൂർ മുനമ്പം മേഖലയിൽ നിന്ന് ഗോശ്രീ വഴിയുള്ള എല്ലാ ബസുകൾക്കും കൊച്ചി നഗരത്തിലേക്ക് പ്രവേശനം നൽകുന്നതുവരെ ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിനായുള്ള സമരം തുടരുമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് സമിതി കഴിഞ്ഞ 20 വർഷമായി നടത്തിവരുന്ന സമരങ്ങൾക്ക് പിന്തുണ നൽകുന്ന സംഘടനകളെ വിളിച്ചുകൂട്ടി നടത്തിയ സർവകക്ഷി സമ്മേളനത്തിലാണ് പ്രഖ്യാപനം. നിലവിൽ എടവനക്കാട്, നായരന്പലം എന്നിവിടങ്ങളിൽ നിന്നാണ് ഏതാനും ബസുകൾക്ക് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്.
സമ്മേളനം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെയർമാനെ വിവിധ സംഘടനാ നേതാക്കൾ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് ചെയർമാൻ ജോസഫ് നരികുളം അധ്യക്ഷത വഹിച്ചു.