ചെളിയിൽ പുതഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം
1513745
Thursday, February 13, 2025 7:14 AM IST
തൃപ്പൂണിത്തുറ: പുഴയോടു ചേർന്നുള്ള തോട്ടിലെ ചെളിയിൽ പുതഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എരൂർ വെസ്റ്റ് പെരീക്കാട് വീട്ടിൽ തമ്പി എന്നു വിളിക്കുന്ന സനലാ(43)ണ് മരിച്ചത്. അവിവാഹിതനാണ്.
പെരീക്കാട് ജെട്ടിക്ക് സമീപം തോട്ടിലെ വെള്ളത്തിലും ചെളിയിലുമായി കമിഴ്ന്നു കിടക്കുന്ന നിലയിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സംഘം ചൊവ്വാഴ്ച രാത്രി പെരീക്കാട് ജെട്ടിക്ക് സമീപമിരുന്ന് മദ്യപിക്കുകയും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തതായി പറയപ്പെടുന്നു.
ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം സുഹൃദ്സംഘം ഒത്തുകൂടുന്ന സ്ഥലത്തു നിന്നും പതിവിൽ കവിഞ്ഞ ശബ്ദമുയരുന്നത് കേട്ട് തൊട്ടടുത്തുള്ള വീട്ടുകാർ പോലീസിൽ വിളിച്ചറിയിച്ചിരുന്നു. പുലർച്ചെ ഒന്നോടെ, വെള്ളത്തിലേക്ക് ആളുകൾ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ ചെളിയിൽ നിന്ന് ഒരാൾ കയറിപ്പോകുന്നതു കണ്ടതായി പറയുന്നു.
ഇതേത്തുടർന്ന് ഇവിടെ നടത്തിയ തെരച്ചിലിൽ, ചെളിയിൽ സനലിന്റെ മൃതദേഹത്തിന്റെ കൈ ഉയർന്നു നിൽക്കുന്നത് കാണുകയും തുടർന്ന് മൃതദേഹം പുറത്തേക്കെടുക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഹിൽപാലസ് പോലീസ് മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം സംസ്കരിച്ചു. പരേതനായ പി.ബി.ഷൈഗളാണ് സനലിന്റെ പിതാവ് . മാതാവ്: ദമയന്തി. സഹോദരൻ: സജിത്.
സംഭവത്തിൽ പി.സി. ജിഷി എന്നയാളെ പ്രതി ചേർത്ത് കേസെടുത്തിട്ടുണ്ട്. ഇയാൾ കസ്റ്റഡി യിലുണ്ടെന്നാണ് സൂചന. മറ്റൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. നാലുപേർ ചേർന്നാണ് ചൊവ്വാഴ്ച രാത്രി മുതൽ ഇവിടെയിരുന്ന് മദ്യപിച്ചതെന്നും അതിൽ രണ്ടുപേർ പോയ ശേഷം സനലും ജിഷിയും തമ്മിൽ അടിപിടിയുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മത്സ്യ ബന്ധനത്തിനും ഓട്ടോ ഓടിക്കാനും പോകുന്നയാളാണ് സനൽ.