പ്രതിഷേധം ഫലംകണ്ടു; എടയപ്പുറം റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചു
1513734
Thursday, February 13, 2025 7:14 AM IST
ആലുവ: കാക്കനാട് കിൻഫ്ര ജലവിതരണ പദ്ധതിക്കായി കുഴിയെടുത്തതുമൂലം രണ്ടര വർഷത്തോളമായി തകർന്നു കിടക്കുന്ന എടയപ്പുറം റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് സമ്പൂർണ ടാറിംഗിന് കാത്തുനിൽക്കാതെ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തുന്നത്.
ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് രണ്ട് വർഷം മുമ്പ് രണ്ടു കോടി രൂപയാണ് അനുവദിച്ചത്. അതിന് പിന്നാലെ കാക്കനാട് കിൻഫ്രയിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിക്ക് വ്യവസായ വകുപ്പ് അംഗീകാരവും നൽകി.
അതോടെ കിൻഫ്ര പദ്ധതി കഴിഞ്ഞ് റോഡ് ടാറിംഗ് എന്നായി തീരുമാനം. പക്ഷെ എടയപ്പുറം റോഡിന് നടുവിലൂടെ വൻ ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
പോലീസ് സംരക്ഷണത്തിൽ പോലും പദ്ധതി പുന:രാരംഭിക്കാനുമായില്ല. കിൻഫ്ര പദ്ധതി നടപ്പാകാത്ത സ്ഥിതിക്ക് റോഡ് നിർമാണ പദ്ധതി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ അറ്റകുറ്റപ്പണി നടത്തി എടയപ്പുറം റോഡിലെ യാത്രാദുരിതത്തിന് താത്കാലിക പരിഹാരം കാണാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അറ്റകുറ്റപ്പണിയുടെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്ത് കരിങ്കല്ല് ചീളുകൾ വിരിക്കുന്നത് കൊച്ചിൻ ബാങ്ക് മേഖലയിൽ നിന്ന് ആരംഭിച്ചിരിക്കുന്നത്. കിൻഫ്ര പദ്ധതി പൂർത്തീകരിക്കാതെ ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തേണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ കൊച്ചിൻ ബാങ്ക് കവല മുതൽ പെരുമ്പാവൂർ കെഎസ്ആർടിസി ബസ് റൂട്ടിലെ റൂട്ടിലെ തോട്ടുംമുഖം വരെയുള്ള 2.75 കിലോമീറ്റർ ദൂരമാണ് ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തേണ്ടത്.
ഇതിനായാണ് രണ്ട് വർഷം മുമ്പ് രണ്ട് കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതേ അവസ്ഥയിൽ കിടക്കുന്ന അശോകപുരം - എൻഎഡി മണലിമുക്ക് റോഡിലും അറ്റകുറ്റപ്പണി ഭാഗികമായി പൂർത്തിയായിട്ടുണ്ട്.