വൈറ്റിലയിലെ ഗതാഗതക്കുരുക്ക്; ട്രാഫിക് പോലീസിന്റെ മാസ്റ്റര്‍പ്ലാൻ കടലാസില്‍ ഒതുങ്ങി
1513743
Thursday, February 13, 2025 7:14 AM IST
കൊച്ചി: മേല്‍പ്പാലം വന്നിട്ടും കുരുക്കഴിയാത്ത വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക് പോലീസ് നിര്‍ദേശിച്ച മാസ്റ്റര്‍പ്ലാന്‍ ജലരേഖയായി. കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചി സിറ്റി ട്രാഫിക് പോലീസ് തയാറാക്കി അവതരിപ്പിച്ച മാസ്റ്റര്‍പ്ലാന്‍ മൂന്നുമാസം പിന്നിടുമ്പോഴും നടപ്പിലാക്കാനായിട്ടില്ല. കളക്ടറും ജനപ്രതിനിധികളും ജനമധ്യത്തില്‍ പ്രശ്നപരിഹാരം കാണുമെന്നും പദ്ധതി 30 ദിവസത്തിനകം നടപ്പാക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു.
എസ്എ റോഡില്‍ നിന്നു ആലപ്പുഴ, തൃപ്പൂണിത്തുറ, കണിയാമ്പുഴ ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് ഒരേസമയം സിഗ്നല്‍ നല്കുന്ന പദ്ധതിയാണ് പോലീസ് മുന്നോട്ടു വച്ചിരുന്നത്. ഇതുപ്രകാരം വാഹനങ്ങള്‍ക്കു നേരെ മൊബിലിറ്റി ഹബിലേക്കു പ്രവേശിക്കാന്‍ പാകത്തില്‍ മീഡിയന് കട്ട് ചെയ്താല്‍ മതിയായിരുന്നു. പാലാരിവട്ടത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്കു പൊന്നുരുന്നി ഭാഗത്തേക്കു പോകാന്‍ യു ടേണ്‍ ലഭിക്കും.
നിലവില്‍ തിരക്കേറിയ ദിവസങ്ങളില്‍ വൈറ്റില ജംഗ്ഷന് കടക്കാന്‍ ഏറെനേരം കാത്തുകിടക്കേണ്ട അവസ്ഥയാണ്. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കടക്കം ഇതോടെ സമയം പാലിക്കാനാകാതെ വരുന്നു. ഇത് അമിത വേഗതയ്ക്കും വഴി വയ്ക്കുന്നു. എസ്എ റോഡില്‍ വൈറ്റില ജംഗ്ഷനോടു ചേര്‍ന്നുള്ള വീതികുറഞ്ഞ ഭാഗമാണു ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം.