ഓഫീസ് പൂട്ടിയ നിലയിൽ; ജീവനക്കാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ
1513723
Thursday, February 13, 2025 7:14 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഗോഡൗണും ഓഫീസും പൂട്ടിയ നിലയിൽ കണ്ടെത്തിയതോടെ അവിടുത്തെ നൂറോളം ജീവനക്കാൻ ആലങ്ങാട് പോലീസ് സ്റ്റേഷനു മുന്നിലും പഞ്ചായത്തിനു മുന്നിലും പരാതിയുമായി തടിച്ചു കൂടി. ആലങ്ങാട് നീറിക്കോട് പ്രവർത്തിച്ചിരുന്ന തമിഴ്നാട് കേന്ദ്രമായുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഓഫീസും ഗോഡൗണുമാണു മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയത്.
ജീവനക്കാർക്കു കഴിഞ്ഞ മാസത്തെ ശന്പള കുടിശികയും നാളിതുവരെയുള്ള മറ്റു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്നു ജീവനക്കാർ പരാതിപ്പെട്ടു. സംഭവത്തെ തുടർന്നു ജീവനക്കാർ ഇന്നലെ രാവിലെപഞ്ചായത്തിനു മുന്നിൽ തടിച്ചുകൂടി.
തുടർന്ന് ഐഎൻടിയുസി ആലങ്ങാട് മണ്ഡലം കൺവീനർ ഗർവാവീസ് മാനാടന്റെ നേതൃത്വത്തിൽ ജീവനക്കാർ പോലീസ് സ്റ്റേഷനിലെത്തി എല്ലാവരും ഒപ്പിട്ട പരാതി സ്റ്റേഷനിൽ നൽകുകയും ചെയ്തു. 40 ലക്ഷത്തിലധികം തുക ജീവനക്കാർക്കു ലഭിക്കാനുള്ളതായി കാണിച്ചു സ്ഥാപന ഉടമയായ പാലക്കാട് സ്വദേശിക്കെരെയാണു പരാതി നൽകിയിരിക്കുന്നത്. ഇന്നു ജീവനക്കാർ ലേബർ ഓഫീസിലെത്തി പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.