അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു. ഒരാൾക്കു പരിക്ക്.
പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കിഴക്കേത്തൈയ്യിൽ ശാരദയുടെ വീടിന്റെ ആസ്ബസ്റ്റോസ്, ഓടുമേഞ്ഞ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് അപകടമുണ്ടായത്.
വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ശാരദയുടെ കൊച്ചുമകൻ അജിത്തിന്റെ (34) തലയിൽ മേൽക്കൂരയുടെ ഭാഗങ്ങൾ വീണ് പരിക്കേറ്റു. അജിത്തിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ബന്ധുവീട്ടിൽ പോയിരുന്നതിനാൽ പരിക്കേറ്റില്ല. ശാരദയും മകൻ രാജനും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നത്. രാജന്റെ മകനാണ് പരിക്കേറ്റ അജിത്ത്.