തരിശു ഭൂമിയില്‍ പൊന്നുവിളയിച്ച് ഗൃഹനാഥന്
1451776
Sunday, September 8, 2024 11:50 PM IST
അമ്പലപ്പുഴ: തിരിശുകിടന്ന പുരയിടത്തില്‍ കരനെല്‍കൃഷിയില്‍ പൊന്നുവിളയിച്ച് ഗൃഹനാഥന്. 35 വര്‍ഷമായി തരിശുകിടന്ന വീടിനു ചുറ്റുമുള്ള 70 സെന്റ് സ്ഥലത്താണ് പുന്നപ്ര തെക്ക് പഞ്ചായത്ത് പത്തില്‍ച്ചിറയില്‍ പി.എ. കുഞ്ഞുമോന് കരനെല്‍ക്കൃഷി ചെയ്തത്.
പുല്ലും കാടും വളര്‍ന്ന പുരയിടം മാസങ്ങള്‍ക്കു മുമ്പാണ് കൃഷിക്കായി ഒരുക്കിയത്. മൂന്നു മാസം മുമ്പ് മണിരത്ന എന്ന ഇളനെല്ലിന് വിത്തുവിതച്ചു. കൃഷി ഓഫീസര്‍ നീരജയുടെ ഉപദേശ നിര്‍ദേശങ്ങളില്‍ ആവശ്യമായ പരിചരണം നല്കി. കര്‍ഷക കൂട്ടായ്മയായ ഫാര്‍മ ക്ലബ്ബ് സെക്രട്ടറി ഷാജി ഗ്രാമദീപം, ആന്റോ മാത്യു കളത്തില്‍ത്തറ എന്നിവരുടെ സഹായത്തോടെ ആകെയുള്ള ഒരേക്കറിലെ 70 സന്റില് ഞാറ് വളര്‍ന്നു കതിരിട്ടു. 90 ദിവസം പിന്നിട്ട് വിളഞ്ഞു പാകമെത്തിയ നെല്ലിന്റെ കൊയ്ത്ത് ഉത്സവാന്തരീക്ഷത്തിലാണു നടന്നത്.
എച്ച്. സലാം എംഎല്‍എ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. സി.എ. സലിം, ശാന്തിഭവന് മാനേജിംഗ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്ബിന്, കമാല്‍ എം. മാക്കിയില്‍, ആര് രജിമോന്, പി. ഉണ്ണികൃഷ്ണന്, സീന, സുധ സുദര്ശനന്, ഷിഹാബ് പോളക്കുളം, കാവാലം മാധവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.