മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: എംപി
1451481
Sunday, September 8, 2024 3:01 AM IST
ആലപ്പുഴ: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും സിപിഎം ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് നേതൃത്വത്തെ എഡിജിപി കണ്ടതിന്റെ കാരണം വിശദീകരിക്കണം. തൃശൂര്‍ പൂരം കലക്കിയതില്‍ പോലീസിന്റെ കൈയുണ്ടെന്ന് ആക്ഷേപം വന്നുകഴിഞ്ഞു. സിപിഎമ്മിന്റെ അടിസ്ഥാന രാഷ്ട്രീയം മാറ്റിക്കൊണ്ട് ആര്‍എസ്എസുമായി ചങ്ങാത്തം ഉണ്ടാക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഇടനിലക്കാരനായി. ഈ ചോദ്യത്തിന് വ്യക്തയോടെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും മറുപടി പറയണം. അതല്ലാതെ ഉദ്യോഗസ്ഥന് കണ്ടിട്ടുണ്ടാകാം, അതു ഞങ്ങളുടെ പ്രശ്നമല്ലെന്ന എം.വി. ഗോവിന്ദന്റെ ഒഴുക്കന്‍ മറുപടിയല്ല വേണ്ടത്. അങ്ങനെ പറഞ്ഞ് ഒഴിഞ്ഞുമാറാവുന്ന വിഷയവുമല്ലയിത്.
സിപിഎമ്മിനെ ആര്‍എസ്എസിനു മുന്നില്‍ കെട്ടിയിടാനാണ് കേരള ഘടകം ശ്രമിക്കുന്നത്. കേരളത്തിലെ സിപിഎം നിലപാടിനെ കുറിച്ച് ദേശീയ നേതൃത്വം മറുപടി പറയണം. ദുരൂഹത അകറ്റാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നത്. എന്തെങ്കിലും പറഞ്ഞ് ജനത്തെ കബളിപ്പിക്കാമെന്ന് കരുതരുത്. ജനം എല്ലാം കാണുന്നുണ്ട്.
അഖിലേന്ത്യ നേതൃത്വം ഉണ്ടെങ്കില്‍ മിണ്ടണം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം വെടിയണം. തെറ്റില്‍ നിന്ന് കൂടുതല്‍ തെറ്റിലേക്കാണ് സിപിഎമ്മിന്റെ സഞ്ചാരം. അണികള്‍ വ്യാപകമായി സിപിഎം വിടുന്നു. സിപിഎം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.