വിലങ്ങാട്ടെ ഡ്രോണ്‍ സർവേ വനമേഖലകളിലേക്കും വ്യാപിപ്പിച്ചു
1451964
Monday, September 9, 2024 7:57 AM IST
നാദാപുരം: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ടെ മലയോര ജനവാസ മേഖലകളിൽ ആരംഭിച്ച ഡ്രോണ്‍ സർവേ വനമേഖലകളിലേക്കും വ്യാപിപ്പിച്ചു. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡ്രോണ്‍ ഇമേജിനേഷൻ കന്പനിയാണ് ഡ്രോണ്‍ ഉപയോഗിച്ച് ത്രീ ഡി സർവേ നടത്തുന്നത്.
മഞ്ഞച്ചീളി, വിലങ്ങാട് ടൗണ്‍ ഭാഗങ്ങളിൽ രണ്ടാം ഘട്ടമായി കഴിഞ്ഞ അഞ്ചു ദിവസമായി ആറു സ്ക്വയർ കിലോമീറ്റർ ഭാഗങ്ങളിൽ സർവേ പൂർത്തിയാക്കിയശേഷം ശനിയാഴ്ച്ചയാണ് സർവേ വനമേഖലയിലേക്ക് വ്യാപിപ്പിച്ചത്. വനത്തിനുള്ളിലും നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ നാശം വിതച്ചതായാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്നാണ് സർവ്വേ ഈ മേഖലകളിലും വ്യാപിപ്പിച്ചത്. തിങ്ങി നിറഞ്ഞ മരങ്ങൾക്കിടയിലൂടെ ലേസർ ബീം കടത്തിവിട്ടാണ് സർവേ നടത്തുന്നത്.
ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് മുന്‍പുള്ള സാറ്റലൈറ്റ് ഇമേജും അതിനുശേഷം ഡ്രോണ്‍ ഉപയോഗിച്ചെടുത്ത ഇമേജും ഉപയോഗിച്ച് എത്ര വീടുകളും കെട്ടിടങ്ങളും പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും എത്ര ഭൂമി ഉരുൾപൊട്ടലിൽ ഒലിച്ചു പോയെന്നും കൃത്യമായ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്.
അതിനു പുറമേ ഭാവിയിൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങൾ കൂടി കണ്ടെത്തി മലയോരവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളാനാണ് സ്ഥലം സന്ദർശിച്ച നിയമസഭാ പരിസ്ഥിതി സമിതി ഡ്രോണ്‍ സർവേയ്ക്കു വേണ്ടി സർക്കാരിനോടു ശിപാർശ ചെയ്തത്. റഡാർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനു പുറമേ എൻഐടി സംഘത്തിന്റെ പഠനത്തിനായും ശിപാർശ ചെയ്യുമെന്നു നിയമസഭാ സമിതി പറഞ്ഞിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
ഡ്രോണ്‍ ഇമേജിനേഷന്റെ എട്ട് അംഗ സംഘമാണ് സർവേ നടത്തി വരുന്നത്. ഒരാഴ്ച്ച കൂടി സർവേ തുടരുമെന്ന് അധികൃതർ പറഞ്ഞു. ഈ പഠനത്തിനു ശേഷമാണ് മേഖലയിലെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുക. ജൂലൈ 30 ന് പുലർച്ചെ ഒരു മണിയോടെയാണ് വിലങ്ങാട് വൻ ഉരുൾപൊട്ടലുണ്ടായത്.