ആശുപത്രിയിൽ കഴിയുന്ന കുടുംബത്തിന്റെ വീട് ജപ്തി ചെയ്തതിൽ പ്രതിഷേധം
1451482
Sunday, September 8, 2024 3:01 AM IST
മുഹമ്മ: കേരള ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടർന്ന് പെരുവഴിയിലായ ആര്യക്കര പുളിക്കൽ രാജേന്ദ്രപ്രസാദിനും കുടുംബത്തിനും വാടകവീട് ഒരുക്കി നൽകുമെന്ന് ഹിന്ദു ഐക്യവേദി.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട് ജപ്തി ചെയ്ത കേരളാ ബാങ്കിന്റെ നടപടി മനുഷ്യത്യരഹിതമാണെന്ന് ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ പറഞ്ഞു. രാജേന്ദ്രപ്രസാദിന്റെ കൂടുംബം നടത്തുന്ന നിയമപോരാട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹിന്ദു ഐക്യവേദി പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാജേന്ദ്രപ്രസാദിന്റെ മകൻ ഡെങ്കിപ്പനി ബാധയെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴാണ് ജപ്തി നടന്നത്. രാജേന്ദ്രപ്രസാദും കടുംബാംഗങ്ങളും മെഡിക്കൽ കോളജിൽ ആയിരുന്നു.
വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് പൂട്ട് പൊളിച്ച് അകത്ത് കയറി പുതിയ താഴിട്ട് പൂട്ടുകയായിരുന്നു. ഉടുവസ്ത്രം പോലും വീട്ടിൽ നിന്ന് എടുക്കാനാവാത്ത സ്ഥിതിയുണ്ടായെന്ന് രാജേന്ദ്രപ്രസാദ് പറഞ്ഞു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ എവിടെ അന്തിയുറങ്ങുമെന്നും വരുമാനത്തിന് എന്തു ചെയ്യുമെന്നുമുള്ള ചോദ്യമാണ് കുടുംബത്തെ കുഴക്കുന്നത്. 2012 ലാണ് രാജേന്ദ്ര പ്രസാദ് അഞ്ചു ലക്ഷം രുപ ലോൺ എടുത്തത്.ഇതിൽ മൂന്നു ലക്ഷം തിരിച്ചടച്ചതായി രാജേന്ദ്രപ്രസാദ് പറയുന്നു. ബിസിനസ് രംഗത്തുണ്ടായ തകർച്ചയെത്തുടർന്നാണ് ലോൺ മുടങ്ങിയത്.