കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് ഓർഡർ
1450911
Thursday, September 5, 2024 11:40 PM IST
ആലപ്പുഴ: സാങ്കേതിക കാരണങ്ങളും ഗുണനിലവാരക്കുറവും പറഞ്ഞ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഓർഡർ നൽകാതിരുന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി) ആശ്വാസമായി മുഖ്യമന്ത്രിയുടെ ഇടപെടൽ.
സ്വകാര്യ മരുന്നുകമ്പനികൾക്ക് വിതരണ ഉത്തരവ് നൽകുന്നതിന് മുമ്പായി കെഎസ് ഡിപിയുടെ മരുന്ന് സംഭരിക്കുന്നതിനായുള്ള വിതരണ ഉത്തരവ് നൽകണമെന്നാണ് കഴിഞ്ഞ ദിവസം ധനം, വ്യവസായം, ആരോഗ്യം വകുപ്പുകളുടെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായത്. കെഎസ്ഡിപി ഉത്പാദിപ്പിക്കുന്ന മരുന്നുകളിൽ 50 ശതമാനം അർഹമായ വില മുൻഗണനയോടെ കോർപ്പറേഷൻ വാങ്ങും.
സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമായിട്ടും പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിക്ക് ഓർഡർ നിഷേധിച്ച കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെതിരെ വിവിധ തൊഴിലാളി സംഘടനകൾ രംഗത്ത് വന്നിരുന്നു. സർക്കാർ ആശുപത്രികളിൽ വിതരണംചെയ്യുന്ന മരുന്നിൽ 50 ശതമാനം കെഎസ്ഡിപിയിൽ നിന്ന് വാങ്ങണമെന്ന ഉത്തരവ് നിലനിൽക്കെയാണ് ആരോഗ്യവകുപ്പിന് കീഴിലുള്ള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വ്യവസായവകുപ്പിനു കീഴിലുള്ള കെഎസ്ഡിപിയെ തഴഞ്ഞത്. മന്ത്രി പി. രാജീവ് മുഖ്യമന്ത്രിയെ ഇക്കാര്യങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്. മരുന്നിന് ഗുണനിലവാരം കുറഞ്ഞെന്ന് പ്രചാരണം നടത്തിയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ കെഎസ്ഡിപിക്ക് ഓർഡർ നിഷേധിച്ചത്.