നെഹ്റു ട്രോഫിക്കൊരുങ്ങി വള്ളംകളിയുടെ നാട്
1450913
Thursday, September 5, 2024 11:40 PM IST
ആലപ്പുഴ: തീയതി പ്രഖ്യാപിച്ചതോടെ ജില്ലയിലെ ജലോത്സവ മേഖല വീണ്ടും ഉണർന്നു. വള്ളംകളിയിൽ പങ്കെടുക്കാനുള്ള ചർച്ചകളും പരിശീലനത്തിനുള്ള തയാറെടുപ്പുകളും തുടങ്ങി.
വള്ളംകളി മാറ്റിവച്ചതോടെ വള്ളപ്പുരയിലേക്കു കയറ്റിയ വള്ളങ്ങൾ വീണ്ടും ഒരുക്കിത്തുടങ്ങി. കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ വിവിധ സബ്കമ്മിറ്റികൾ ഇന്നലെ ചേർന്നു. വള്ളംകളിയുടെ ബജറ്റ് പുതുക്കുന്നത് ഉൾപ്പെടെയുള്ളവ ചർച്ച ചെയ്തു. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 50 ലക്ഷം രൂപയാണു വകയിരുത്തിയിരുന്നത്. എന്നാൽ താത്കാലിക പവിലിയനും ട്രാക്ക് അടയാളപ്പെടുത്തിയുള്ള കുറ്റികളും നേരത്തെ ഉറപ്പിച്ചിരുന്നു.
ഇവയ്ക്കു കേടുപാടും പറ്റി. ഈയിനത്തിൽ കരാറുകാർക്കുണ്ടായ നഷ്ടം നികത്താൻ മാത്രം 20 ലക്ഷത്തോളം രൂപ വേണ്ടിവരും. നെഹ്റു ട്രോഫി വള്ളംകളിക്കു സിബിഎൽ സംഘാടകർ നൽകിയിരുന്ന 50 ലക്ഷത്തോളം രൂപയും ഇത്തവണ ലഭിച്ചേക്കില്ല. ഒരു കോടി രൂപയുടെ ടിക്കറ്റ് വിൽപനയാണു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിലും കുറവു വരുമെന്നാണു വിലയിരുത്തൽ. ഇവ പരിഹരിക്കുന്നതിനാണ് ഒരു കോടി രൂപ ആവശ്യമായി വരുന്നത്. സിബിഎലിൽ നിന്നു ലഭിക്കേണ്ട 50 ലക്ഷത്തോളം രൂപ അനുവദിക്കാൻ ടൂറിസം മന്ത്രിയോട് ആവശ്യപ്പെടുമെന്നാണു ജില്ലയിലെ മന്ത്രിമാർ കഴിഞ്ഞ ദിവസത്തിലെ യോഗത്തിൽ പറഞ്ഞത്.