റെയിൽവേ റോഡിലെ കോൺക്രീറ്റ് തകർന്നത് അന്വേഷിക്കും
1450914
Thursday, September 5, 2024 11:40 PM IST
കായംകുളം: നിർമാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ റെയിൽവേ റോഡിലെ അടിപ്പാതയിലെ കോൺക്രീറ്റ് തകർന്നത് റെയിൽവേ നിർമാണ വിഭാഗം അന്വേഷിക്കും.
കായംകുളം തയ്യിൽ-പെരിങ്ങാല റോഡിലെ റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ചെയ്ത കോൺക്രീറ്റ് ആണ് കഴിഞ്ഞദിവസം പൂർണമായി തകർന്നത്. അടിപ്പാതയിലെ അപകടാവസ്ഥ പരിഹരിക്കാനാണ് കഴിഞ്ഞ ആഴ്ച നിർമാണം നടത്തിയത്.
വേണ്ടത്ര സാമഗ്രികൾ ഉപയോഗിക്കാതെ കരാറുകാരൻ റോഡ് കോൺക്രീറ്റ് ചെയ്തതാണ് മഴയിൽ ഒലിച്ചുപോകാൻ ഇടയാക്കിയതെന്ന് പറയുന്നു. നിർമാണ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിനായി റോഡ് രണ്ടാഴ്ചയിലേറെ അടച്ചിട്ടിരുന്നു. എന്നിട്ടും മെച്ചപ്പെട്ട രീതിയിൽ അടിപ്പാത ജോലികൾ പൂർത്തിയാക്കിയില്ലെന്ന് പരാതിയുണ്ട്.
അടിപ്പാതയിൽ വെള്ളം കെട്ടിക്കിടന്ന് നേരത്തെ കമ്പി തെളിഞ്ഞ് വാഹനങ്ങൾ അപകടത്തിൽപെടുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനു പരിഹാരമായിട്ടാണ് റോഡ് മെറ്റലിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്തത്. ആറ് ലക്ഷത്തോളം രൂപ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നു നഗരസഭാധ്യക്ഷ പി. ശശികലയും കൗൺസിലറും സംഭവ സ്ഥലം സന്ദർശിച്ച് റെയിൽവേ അധികാരികളുമായി ബന്ധപ്പെട്ടു.
എൻജിനിയറിംഗ് വിഭാഗം സ്ഥലം സന്ദർശിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നു നഗരസഭാധ്യക്ഷ പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് പെരിങ്ങാല, മാവേലിക്കര ഭാഗത്തേക്കു പോകേണ്ട യാത്രക്കാർ എളുപ്പവഴിയായി ആശ്രയിക്കുന്നത് ഈ അടിപ്പാതയാണ്. തുടർച്ചയായി ഇവിടെ അടച്ചിടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.