ജൈവപച്ചക്കറിയും ബന്ദിപ്പൂക്കളും നൂറുമേനി വിളയിച്ച് ആലപ്പുഴ നഗരസഭ
1451175
Friday, September 6, 2024 11:07 PM IST
ആലപ്പുഴ: നഗരസഭയുടെ കാര്‍ഷിക പദ്ധതിയായ പൊന്നോണത്തോട്ടം കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭ ഓഫീസിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി, ചീര, ബന്ദിപ്പൂവ് കൃഷിയാണ് വിളവെടുപ്പിന് പാകമായത്.
നഗരമാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് മള്‍ച്ചിംഗും ഡ്രിപ് ഇറിഗേഷനുമായി തികച്ചും പ്രഫഷണലായാണ് കൃഷി എന്നതാണ് പ്രത്യേകത. ഓണപ്പൂക്കളത്തിനായി മറുനാടിനെ ആശ്രയിക്കുന്ന പതിവ് ശൈലിയില്‍നിന്നു മാറ്റം വരേണ്ടതിനുള്ള പരിശ്രമങ്ങളുടെ മാതൃക ഒരുക്കുകയാണ് നഗരസഭ.
കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകരുന്നതിനാല്‍ ബന്ദിപ്പൂകൃഷി സെല്‍ഫി പോയിന്റായി മാറുകയാണ്. മുന്‍ ഹരിതമിത്രം അവാര്‍ഡ് ജേതാവ് കഞ്ഞിക്കുഴി ശുഭകേശനാണ് കൃഷിരീതികളുടെ മേല്‍നോട്ടം വഹിച്ചത്. ഇതോടൊപ്പം കൃഷിഭവന് മുഖാന്തരം 52 വാര്‍ഡുകളിലും ഗ്രൂപ്പ് കൃഷിക്കും പറ്റാവുന്ന ഭവനങ്ങളിലെല്ലാം അടുക്കളത്തോട്ടം, ടെറസ് കൃഷി എന്നിവയ്ക്കും ആവശ്യമായ പച്ചക്കറി, ബന്ദി തൈകളും വിത്തുകളും വിതരണം നടത്തിയിരുന്നു.
മാരകരോഗങ്ങള്‍ വരുത്തുന്ന വിഷാംശം നിറഞ്ഞ പച്ചക്കറികള്‍ ഒഴിവാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കൂടി നഗരസഭ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. പൊന്നോണത്തോട്ടം ഉദ്ഘാടനച്ചടങ്ങില്‍ ആലപ്പുഴ നഗരസഭാ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് സ്ഥിരം സമിതി അധ്യക്ഷരായ എം.ജി. സതീദേവി, എ.എസ്. കവിത, എം.ആര്. പ്രേം, കൗണ്‍സിലര്‍മാര്‍, കര്ഷകന് ശുഭകേശന് തുടങ്ങിയവര്‍ പങ്കെടുത്തു.