സുവർണജൂബിലി നിറവിൽ പരുമല ആശുപത്രി
1451172
Friday, September 6, 2024 11:07 PM IST
മാന്നാര്‍: സുവര്‍ണജൂബിലി നിറവില്‍ പരുമല ആശുപത്രി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ നാളെ തുടങ്ങും. 1975 സെപ്റ്റംബര്‍ 11 മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആതുര ശുശ്രൂഷയുടെ നേര്‍ക്കാഴ്ചയായ ഈ സ്ഥാപനം പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പരിശുദ്ധ ബസേലിയോസ് ഔഗൈന് പ്രഥമന്‍ ബാവ ആരംഭിച്ചു.
ഫാ. കെ.ബി. മാത്യൂസാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഡോ. അലക്സ് പോളിന്റെ നേതൃത്വത്തില്‍ മൂന്നുവിഭാഗങ്ങളില്‍ ആരംഭിച്ച ആശുപത്രി ഇന്ന് 36 വിഭാഗങ്ങളുള്ള മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയായി വളര്‍ന്നു. 2005ല്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ആശുപത്രി സന്ദര്‍ശിച്ചു.
2010ല്‍ പരുമല ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്റ റിന്റെ തറക്കല്ലിടുകയും 2016ലെ പരുമല ഇന്റർനാഷണല്‍ കാര്‍ഡ് യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. ഇന്ന് 160 ഡോക്ടര്‍മാരും 1800-ലധികം മെഡിക്കല്‍ പാരാ മെഡിക്കല്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന 300 കിടക്കകളുള്ള ആതുരാലയത്തിന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് സെന്റര്‍, ഡല്‍ഹി നാഷണല്‍ ബോര്‍ഡിന്റെ ഡിഎന്‍ബി അംഗീകാരം ലഭിച്ച ഒരു മികച്ച അക്കാഡമിക് സെന്റര്‍ എന്നീ അംഗീകാരങ്ങളും ലഭിച്ചു. ഗവ. ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കൗണ്സില്സിലിന്റെ എന്‍എബിഎച്ച് ഫുള്‍ ആക്രഡിറ്റേഷനും ഡിജിറ്റല്‍ അക്രഡിറ്റേഷനും നേടുന്ന മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശുപത്രിയും പരുമല ആശുപത്രിയാണ്.
നാളെ ഉച്ചയ്ക്ക് 12ന് പരിശുദ്ധ ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. പരുമല ആശുപത്രി പുതുതായി ആരംഭിക്കുന്ന കേരളത്തിലെ ആദ്യ കോംപ്രിഹന്‍സീവ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.
സുവര്‍ണജൂബിലി വര്‍ഷത്തില്‍ തുടക്കം കുറിക്കുന്ന പരുമല പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്റെയും പി എം ആര് വിഭാഗത്തിന്റെയും സോഫ്റ്റ് ലോഞ്ച് പത്തനംതിട്ട എം പി ആന്റോ ആന്റണിയും പരുമല പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിന്റെയും പാലിയേറ്റീവ് മെഡിസിന് വിഭാഗത്തിന്റെയും സോഫ്റ്റ് ലോഞ്ച് തിരുവല്ല എംഎല്‍എ മാത്യു ടി. തോമസും നിര്‍വഹിക്കും. സുവര്‍ണജൂബിലി ബ്ലോക്കിന്റെ നിര്‍മാണ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സിഇഒ ഫാ. എം.സി പൗലോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.