വള്ളികുന്നത്ത് കാട്ടുപന്നികളെ തുരത്താൻ പഞ്ചായത്ത് നടപടിയായി;ഒരു കാട്ടുപന്നിയെ കൊന്നു
1451485
Sunday, September 8, 2024 3:01 AM IST
കായംകുളം: വള്ളികുന്നത്ത് കർഷകരുടെ ഉറക്കം കെടുത്തി കാർഷിക വിളകൾ നശിപ്പിക്കുന്ന . കാട്ടുപന്നികളെ തുരത്താൻ ഒടുവിൽ പഞ്ചായത്ത് നടപടി തുടങ്ങി. പഞ്ചായത്തിന്റെ നിർദേശപ്രകാരം കാട്ടുപന്നികളെ വെടി വയ്ക്കാനായി എത്തിയ ഷൂട്ടർമാർ ഒരു പന്നിയെ കൊന്നു. കാട്ടുപന്നികളുടെ താവളം കണ്ടെത്തിയാണ് വെടിവെച്ചത്.
വെടി ശബ്ദം കേട്ട മറ്റു പന്നി കൾ കൂട്ടത്തോടെ ഓടിമാറി. വള്ളികുന്നം ഭാഗങ്ങളിൽ കാട്ടു പന്നികളുടെ രാത്രി വിളയാട്ടത്തിൽ ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏക്കറു കണക്കിന് സ്ഥലത്തെ ഇടവിളകളാണ് നശിപ്പിക്കപ്പെട്ടത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് വളർത്തിയ കൃഷികൾ നശിച്ചതോടെ കർഷകർ ആകെ നിരാശയിലാണ്. കഴിഞ്ഞ ദിവസംപടയണിവെട്ടത്തും പരിസര ത്തും പന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പടയണിവെട്ടം നെടിയത്ത് ഹരിശ്രീയിൽ ശിവൻകുട്ടി നായരുടെയും പരിസരത്തുള്ള വീടുകളിലെ കൃഷിയിടത്തിലേയും കുലച്ച വാഴകളും വിളഞ്ഞ ചീനികളും മറ്റു ഇടവിള കൃഷികളുമാണ് പന്നികൾ നശിപ്പിച്ചത്.
ഇവിടെ മൂന്നാമത്തെ തവണയാണ് പന്നികൾ കൂട്ടത്തോടെ ഇറങ്ങി വിള നാശം വരുത്തിയത്. രണ്ട് വർഷംമുമ്പ് മുതലാണ് വള്ളികുന്നം പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തിയത്. ചാരുമൂട് ഭാഗത്ത്നിന്നു കെഐപി കനാൽ വഴിയാണ് പന്നികൾ എത്തുന്നത്. പകൽസമയം കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കുന്ന ഇവറ്റകൾ രാത്രിയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പി ക്കുകയാണ്.
വള്ളികുന്നത്തെ കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്തണമെന്ന കർഷകരുടെ യും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 21ന് പ്രസിഡന്റ് ഡി.രോഹിണിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും കർഷകരുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ലൈസൻസുള്ള ഷൂട്ടർമാരെ നിയോഗിക്കാൻ തീരുമാനിച്ചത്.
തുടർന്നാണ് കഴിഞ്ഞ ദിവസം പന്നിയുടെ ആവാസ കേന്ദ്രങ്ങൾ കർഷകരുടെ സഹായത്തോടെ കണ്ടെത്തി ഷൂട്ടർമാരായ ദിലീപ് കോശി ജോൺ, അസിസ്റ്റന്റ് അജിത്ത് എന്നിവർ ചേർന്ന് പന്നികളെ ഓടിക്കുകയും ഒരു പന്നിയെ കൊല്ലുകയും ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിലും ഷൂട്ടർമാർ എത്തുമെന്ന് അധികൃതർ അറിയിച്ചു .