വ്യാജമദ്യ വിൽപ്പന: വീടുകളിൽ പരിശോധനയ്ക്ക് മാർഗനിർദേശം
1451478
Sunday, September 8, 2024 3:01 AM IST
ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കാൻ എക്സൈസ്. വ്യാജ പരാതികളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ പരിശോധന നടത്തുന്നതിനു മുൻപ് കുറ്റം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ കർശന പരിശോധന ഉറപ്പാക്കണം. എന്നാൽ, പരാതികളും വിവാദങ്ങളും ഉണ്ടാകരുതെന്ന് ജോയിന്റ് എക്സൈസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയെക്കുറിച്ച് ആദ്യമായാണ് പരാതി ലഭിച്ചതെങ്കിൽ മഫ്തിയിലും മറ്റും പ്രാഥമികാന്വേഷണം നടത്തി, ലഭിച്ച വിവരം ഉറപ്പിക്കണം. ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കിയേ വീടുകളിൽ പരിശോധന നടത്താവൂ.
വ്യക്തിവിരോധം തീർക്കാനായി വകുപ്പിനെ കരുവാക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം ലഭിക്കുന്ന പരാതികളും വിവരങ്ങളും പരിശോധിക്കാതെ പോകരുത്. മദ്യശാലകളിൽ മിന്നൽ പരിശോധന നടത്തണമെന്നും പരിശോധനയ്ക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.