കായംകുളം താലൂക്ക് ആശുപത്രിയിൽ യോഗം വിളിക്കാത്തത് വിവാദത്തിൽ
1450909
Thursday, September 5, 2024 11:40 PM IST
കായംകുളം: താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്തു സൂചി തുളച്ചുകയറിയ സംഭവവും താത്കാലിക ജീവനക്കാരെ നിയമിക്കുന്ന വിഷയവും ചർച്ച ചെയ്യാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗം വിളിച്ചു ചേർക്കാത്തതു വിവാദത്തിൽ.
പനി ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സതേടിയെത്തിയ ഏഴുവയസുകാരന്റെ ദേഹത്ത് ആശുപത്രി കിടക്കയിൽനിന്ന് സൂചി കുത്തിക്കയറിയതിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ഒമ്പത് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എച്ച്എംസി നിയമിച്ച താത്കാലിക ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ശുപാർശ ചെയ്തതായി സൂചനയുണ്ട്.
എന്നാൽ, മൂന്നുമാസത്തിലേറെയായി എച്ച്എംസി വിളിച്ചിട്ടില്ലെന്ന് വാർഡ് കൗൺസിലർ കൂടിയായ എച്ച്എംസി അംഗം കെ. പുഷ്പദാസ് ആരോപിച്ചു. ഗൗരവമുള്ള വിഷയങ്ങൾ 24 മണിക്കൂറിനുള്ളിൽ എച്ച്എംസി വിളിച്ചുകൂട്ടി ചർച്ച ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ ആശുപത്രിയിൽ ഇത്രയും ഗുരുതരമായ സംഭവങ്ങൾ ഉണ്ടായിട്ടും എച്ച്എംസി വിളിച്ചു ചേർക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കാത്തതു പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്ന വയോധികയെ പരിചരിക്കാൻ ഒപ്പമുണ്ടായിരുന്ന മകളെക്കൊണ്ടു ഛർദിൽ കോരിപ്പിച്ച സംഭവവും വിവാദമായിരുന്നു. ഇത്തരം സംഭവങ്ങളെല്ലാം എച്ച്എംസിയിലും ചർച്ച ചെയ്യേണ്ടതുണ്ട്. കഴിഞ്ഞദിവസം ആശുപത്രി കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിന് സമീപത്തെ മതിൽ ഇടി ഞ്ഞു വീണിരുന്നു. സ്ത്രീകളുടെ വാർഡിൽ ശുചിമുറി അടച്ചിട്ടിരിക്കുകയാണ്. ഇതിലൊന്നും പരിഹാര നടപടികളായിട്ടില്ല.
ലാബിലും ഡേറ്റ എൻട്രിക്കുമായി 12 താൽക്കാലിക ജീവനക്കാരെ നി യമിക്കാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും അതും നടപ്പായിട്ടി ല്ല. നഗരസഭാധ്യക്ഷയുടെ ശു പാർശയിൽ ആശുപത്രി സൂപ്രണ്ടാണ് എച്ച്എംസി വിളിച്ചുചേർക്കേണ്ടത്.