സിപിഎമ്മിൽ കൂട്ടരാജി; രാജിവച്ച പാർട്ടി അംഗങ്ങളുടെ എണ്ണം 22 ആയി
1451480
Sunday, September 8, 2024 3:01 AM IST
കായംകുളം: വിഭാഗീയത തലവേദനയായ കായംകുളത്ത് സിപിഎമ്മിനുള്ളിൽ വീണ്ടും പൊട്ടിത്തെറി. കായംകുളം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്കു കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ചിലെ 12 പേർ കഴിഞ്ഞ ആഴ്ച രാജിവച്ചതിനു പിന്നാലെ വീണ്ടും കൂട്ടരാജി തുടരുന്നു. പുള്ളിക്കണക്ക് മേഖലയിൽ ഇന്നലെ പത്തു പേർ കൂടി പാർട്ടിവിട്ടു.
പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റി പരിധിയിലെ മാവേലി സ്റ്റോർ ബ്രാഞ്ചിൽനിന്നും സമ്മേളന കാലത്ത് അംഗങ്ങളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് സമീപത്തെ രണ്ട് ബ്രാഞ്ചുകളിലെ പത്ത് അംഗങ്ങളാണു നേതൃത്വത്തിനു രാജിക്കത്ത് നൽകിയത്.
സൊസൈറ്റി, ആലുമൂട് ബ്രാഞ്ചുകളിലെ അം ഗങ്ങളാണിവർ. ലോക്കൽ കമ്മിറ്റിയംഗം വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാം, രാജേന്ദ്രൻ, പാർട്ടി അംഗം മോഹനൻ പിള്ള എന്നിവരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഗ്രാമസഭയിൽ അഭിപ്രായം പറഞ്ഞതിനാണു നടപടിയെടുത്തതെന്നു പ്രതിഷേധക്കാർ പറയുന്നു.
ഇതോടെ ഒരാഴ്ചയ്ക്കിടെ കായംകുളം പുള്ളിക്കണക്ക് മേഖലയിൽ രാജിവെച്ച സിപിഎം പാർട്ടി അംഗങ്ങളുടെ എണ്ണം 22 ആയി. ഇവരുടെ കുടുംബങ്ങളും പാർട്ടി ബന്ധം ഉപേക്ഷിക്കുമെന്നാണ് സൂചന.
പാർട്ടി ഏരിയ നേതാവായ ജനപ്രതിനിധിയെ ഗ്രാമസഭയിൽ വിമർശിച്ചതാണു കുറ്റമായി കണക്കാക്കിയത് ചില നേതാക്കൾ കൃഷ്ണപുരം പഞ്ചായത്തിൽ ബിജെപിക്കു വളരാൻ വഴിയൊരുക്കുക യാണെന്നു രാജിവച്ചവർ ആരോപിച്ചു.ബ്രാഞ്ച്തലം മുതൽ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കവേ കൂട്ടരാജി കായംകുളത്ത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.