നാടിന്റെ ഉത്സവമായി ഇലുമധുരം പാലട ചലഞ്ച്
1451975
Monday, September 9, 2024 8:06 AM IST
മഞ്ചേരി: ഇലു-തണല്‍ ഭിന്നശേഷി പരിചരണ കേന്ദ്രത്തിന്റെ ധനശേഖരണാര്‍ഥം ജനകീയ കൂട്ടായ്മയില്‍ "ഇലുമധുരം' പാലട ചലഞ്ച് നടത്തി. പരിപാടി ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
മഞ്ചേരി മുനിസിപ്പല്‍ പ്രദേശത്തിന് പുറമെ സമീപ പ്രദേശങ്ങളായ ആനക്കയം, ഇരുമ്പുഴി, പൂക്കോട്ടൂര്‍, മോങ്ങം, മൊറയൂര്‍, പുല്‍പ്പറ്റ, പൂക്കൊളത്തൂര്‍, തൃക്കലങ്ങോട്, എടവണ്ണ, തിരുവാലി, വണ്ടൂര്‍, കാളികാവ്, കരുവാരകുണ്ട്, പോരൂര്‍, പാണ്ടിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ 150 ല്‍ അധികം ക്ലബുകളും വ്യാപാരികളും റസിഡന്‍സ് അസോസിയേഷനുകളും മറ്റു കൂട്ടായ്മകളും പാലട ചലഞ്ചില്‍ പങ്കാളികളായി. പാലടക്ക് ഓര്‍ഡര്‍ സ്വീകരിക്കുന്നതു മുതല്‍ പാചകം, പാക്കിംഗ്, വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം പൊതു പ്രവര്‍ത്തകര്‍, ബിസിനസുകാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് കൈകാര്യം ചെയ്തത്.
15 ദിവസമായി അഞ്ഞൂറിലധികം വോളണ്ടിയര്‍മാര്‍ ലാഭേച്ഛയില്ലാതെ രാപകല്‍ ഭേദമന്യെ പാലട ചലഞ്ചിനായി പ്രവര്‍ത്തിച്ചു. ഫണ്ട് ശേഖരണമെന്നതിലുപരി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും സമൂഹത്തില്‍ ഭിന്നശേഷിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇലു-തണല്‍ പാലട ചലഞ്ച് പ്രയോജനപ്പെട്ടു.
ഇലു ഫൗണ്ടേഷന് ലക്ഷ്യമിടുന്ന ഭിന്നശേഷി സൗഹൃദ സമൂഹമെന്ന ആശയം പ്രചരിപ്പിക്കുന്നതിനും പാലട ചലഞ്ച് ഉപയോഗപ്പെടുത്തണമെന്നതാണ് സംഘാടകരുടെ ലക്ഷ്യം. മൂന്ന് കോടി രൂപ ചെലവില്‍ മഞ്ചേരിയില്‍ തുടക്കം കുറിച്ച ഇലു വാലീ പ്രോജക്ട് ഒന്നാം ഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും പാലട ചലഞ്ച് ആക്കം കൂട്ടും. 15000 ലിറ്ററില്‍ അധികം പാലടയാണ് തയ്യാറാക്കി വിതരണം ചെയ്തത്. 50 ഓളം പാചകക്കാരും 500 ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകരുമാണ് പാലട തയാറാക്കുന്നതിലും പാക്ക് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടത്.