കുട്ടനാട് ശുദ്ധജല വിതരണ പദ്ധതി: അവ്യക്തത മാറ്റണം
1451181
Friday, September 6, 2024 11:07 PM IST
കുട്ടനാട്: കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്നതിനുവേണ്ടി 60 വര്‍ഷം മുന്‍പ് തുടക്കം കുറിച്ച കുട്ടനാട് ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കുന്നതിലുണ്ടായ കാലതാമസം മൂലം പത്തുശതമാനം പ്രദേശത്തുപോലും വെള്ളം എത്തിക്കാനായിട്ടില്ല.
ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 287.1 കോടി രുപ അനുവദിക്കുകയും പദ്ധതി നടപ്പിലാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയെ ഏല്‍പ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പദ്ധതി നടത്തിപ്പിലെ അവ്യക്തതമാറ്റണമെന്ന് പുളിങ്കുന്ന് വികസന പൗരസമിതി ആവശ്യപ്പെട്ടു.
നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ഊരാളുങ്കല്‍ സൊസൈറ്റി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് പൗരസമിതിയുടെ യോഗം ചേര്‍ന്നത്. പദ്ധതി നടത്തിപ്പിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയെ ഏല്‍പ്പിച്ചതില്‍ അഴിമതിയുണ്ടെന്നും പൗരസമിതി പ്രസിഡന്റ് അലക്സ് മാത്യു കുറ്റപ്പെടുത്തി.
നിലവില്‍ പദ്ധതിക്ക് നാലുഘട്ടങ്ങളാണുള്ളത്. ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, ഓവര്‍ ഹെഡ് ടാങ്കുകള്‍, ട്രീറ്റ്മെന്റ് പ്ലാന്റില്‍നിന്നും ഓവര്‍ ഹെഡ് ടാങ്കുകളിലേക്കുള്ള മെയില്‍ സപ്ലേലൈന്, ഓവര്‍ ഹെഡ് ടാങ്കുകളില്‍നിന്നു ടാപ്പുകളിലേക്കുള്ള ഡിസ്ട്രി ബ്യൂഷന്‍ മെയിന്‍ ലൈനുകളും സബ് ലൈനുകളും ടാപ്പുകളും അടങ്ങുന്നതാണ് പദ്ധതി.
നിലവില്‍ ശുദ്ധജല വിതരണത്തിനായുള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ നടത്തിയിരിക്കുന്ന സര്‍വേ വളരെ പഴയതാണ്. സര്‍വേ നടത്തിയതിനുശേഷം നിരവധി കോണ്‍ക്രീറ്റ് റോഡുകളും മണ്‍വഴികളും പൈപ്പിടേണ്ട പ്രദേശങ്ങലില്‍ രൂപപ്പെട്ടുകഴിഞ്ഞു.
ഈ സാഹചര്യത്തില്‍ പൈപ്പ് ലൈന്‍ കടന്നുപോകേണ്ട പഞ്ചായത്തുകളുമായി ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ പൈപ്പ് ലൈനിന്റെ അലൈന്മെന്റില് മാറ്റം വരുത്തണമെന്നാണ് പൗരസമിതിയുടെ ആവശ്യം.
ഇക്കാര്യത്തില്‍ വ്യക്തതവരുത്താതെ കാവാലം, പുളിങ്കുന്ന്, എസി റോഡ് എന്നിവിടങ്ങളില്‍ ആരംഭിച്ച നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നും അലക്സ് മാത്യു ആവശ്യപ്പെട്ടു. യോഗത്തില്‍ ജോസഫ് മാമ്പൂത്തറ, ജോണ്‍ സി. ടിറ്റോ, ഹരിദാസ് ചിറ്റൂത്തറ, ലിജോ മാത്യു, ബിജോമോന്‍ പുത്തന്‍ചിറ, ഷാരോണ്‍ ടിറ്റോ എന്നിവര്‍ പ്രസംഗിച്ചു.