ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ വീട് ജപ്തി ചെയ്തു
1451173
Friday, September 6, 2024 11:07 PM IST
മുഹമ്മ: വീട്ടുകാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വീട് ജപ്തി ചെയ്തതായി പരാതി. മുഹമ്മ പഞ്ചായത്ത് 18-ാം വാര്‍ഡ് പുളിക്കല്‍ രാജേന്ദ്രപ്രസാദിന്റെ വീടും പറമ്പുമാണ് കേരള ബാങ്ക് ജപ്തി ചെയ്തത്.
രാജേന്ദ്രപ്രസാദിന്റെ മകന് ഡെങ്കിപ്പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ചികിത്സതേടിയത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് രാജേന്ദ്രപ്രസാദും കടുംബാംഗങ്ങളും മെഡിക്കല്‍ കോളജില്‍ കഴിയുമ്പോഴാണ് കേരള ബാങ്ക് വീട് ജപ്തി ചെയ്തത്. പൂട്ട് പൊളിച്ച് അകത്തുകയറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു.
ഇതിനാല്‍ ഉടുവസ്ത്രം പോലും വീട്ടില്‍നിന്ന് എടുക്കാനാവത്ത സ്ഥിതിയുണ്ടായെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു. ഉപജീവന മാര്‍ഗമായുള്ള സോഡാ നിര്‍മാണ യൂണിറ്റും വീടിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതും തുറക്കാനാവാത്ത സ്ഥിതി വന്നത് തൊഴിലിനും തടസമായി. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ എവിടെ അന്തിയുറങ്ങും എന്ന ചോദ്യമാണ് കുടുംബത്തെ വലയ്ക്കുന്നത്.
2012 ലാണ് രാജേന്ദ്ര പ്രസാദ് അഞ്ചു ലക്ഷം രുപ വായ്പയെടുത്തത്. ഇതില്‍ മൂന്നുലക്ഷം തിരിച്ചടച്ചതായി രാജേന്ദ്രപ്രസാദ് പറഞ്ഞു. ബിസിനസ് തകര്‍ച്ചയെ തുടര്‍ന്നാണ് വായപ മുടങ്ങിയത്.