പരാതിപ്രളയത്തിൽ മുങ്ങി ഉപഭോക്തൃ ബോധവത്കരണ പരിപാടി
1451475
Sunday, September 8, 2024 3:01 AM IST
ചെങ്ങന്നൂര്‍: ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് അഡ്വക്കസി വിഭാഗം സംഘടിപ്പിച്ച ഉപഭോക്തൃ ബോധവത്കരണ പരിപാടിയില്‍ പരാതിപ്രളയം. വൈദ്യുതി നിരക്കിലെ ആശയക്കുഴപ്പം മുതല്‍ ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനംവരെ ചൂടേറിയ സംവാദത്തിനു വഴിതെളിച്ചു. ഒരു സാഹചര്യത്തിലും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുതെന്നായിരുന്നു ഉപയോക്താക്കളുടെ പ്രധാന ആവശ്യം. വൈദ്യുതി ബില്‍ ലഭിച്ചാല്‍ ഒടുക്കേണ്ട അവസാന തീയതി വളരെ അടുത്താണെന്നും ഇത് ഒഴിവാക്കാന്‍ നടപടി വേണമെന്നുമായിരുന്നു ക്രഷര്‍ ഉടമ അന്‍വര്‍ ഹുസൈന് റാവുത്തറുടെ ആവശ്യം.
സോളാര്‍ പാനലില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കു ബോര്‍ഡില്‍നിന്നു പ്രതിഫലം ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. വൈദ്യുതി കണക്ഷന് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും ഫിക്സഡ് ചാര്‍ജിനേക്കാള്‍ ഉയര്‍ന്ന എനര്‍ജി ചാര്‍ജ് രേഖപ്പെടുത്തിയാല്‍ എനര്‍ജി ചാര്‍ജ് മാത്രം ഈടാക്കണമെന്ന് നഗരസഭാ കൗണ്‍സിലര്‍ രാജന് കണ്ണാട്ട് ആവശ്യപ്പെട്ടു.
അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാരികളെ വലയ്ക്കുന്നെന്ന പരാതിയാണ് വ്യാപാരി സംഘടനാ പ്രതിനിധി സതീഷ് കെ.നായര്‍ ഉന്നയിച്ചത്. വ്യാപാരികളുടെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നു സാം മല്ലാശേരി ആവശ്യപ്പെട്ടു.
അടിക്കടിയുള്ള വൈദ്യുതി മുടക്കം ചപ്പാത്തി നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നെന്ന പരാതിയായിരുന്നു സംരംഭകനായ കൃഷ്ണകുമാറിന്റേത്. വഴിവിളക്കുകള്‍ തെളിക്കുന്ന നിലാവ് പദ്ധതിയില്‍ അറ്റകുറ്റപ്പണികള്‍ വൈകുന്നെന്ന പരാതിയുമായി പഞ്ചായത്തംഗങ്ങളായ പ്രമോദ് അമ്പാടിയും എം.ബി. ബിന്ദുവും രംഗത്തെത്തി.
പാണ്ടനാട്ടില്‍ സ്ട്രീറ്റ് ലൈന്‍ വലിച്ചു കണക്ഷന് നല്കുന്നതു വൈകുന്നെന്നായിരുന്നു പഞ്ചായത്തംഗം ജോസ് വല്യാനൂരിന്റെ പരാതി. അരമണിക്കൂറിലേറെ ലൈന്‍ ഓഫ് ചെയ്യേണ്ടി വന്നാല്‍ അക്കാര്യം ഉപയോക്താക്കളെ അറിയിക്കണമെന്നും ആവശ്യമുയര്‍ന്നു.
മറുപടിയുമായി അധികൃതര്‍, പരാതികള്‍ അറിയിക്കാം
തിരുവനന്തപുരത്തു സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് നടത്തുന്ന ഹിയറിംഗില്‍ ഉപയോക്താക്കള്‍ക്കു പരാതികള്‍ അറിയിക്കാമെന്നു ജൂണിയര്‍ കണ്‍സൾട്ടന്റ് പി.രാജഗോപാല്‍ പറഞ്ഞു. സോളാര്‍ പാനല്‍ സ്ഥാപിച്ചവര്ക്കു ബോര്‍ഡില്‍ നിന്നു തുക അക്കൗണ്ടിലേക്കു നല്‍കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം സംബന്ധിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്ന് എക്സി്ക്യൂട്ടീവ് എന്‍ജിനിയര്‍ എ.നൗഷാദ് പറഞ്ഞു. വയോധികര്‍, യുപിഐ ഇടപാട് നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നിവരെ 1000 രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബില്‍ ഒടുക്കാന്‍ ഡിവിഷനു കീഴിലുള്ള ഓഫീസുകളില്‍ ജീവനക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിളിക്കാം 1912 ലേക്ക്
വൈദ്യുതിയുമായി ബന്ധപ്പെട്ട എന്തു കാര്യത്തിനും 1912 ലേക്കു വിളിക്കാമെന്ന് കെഎസ്ഇബി അധികൃതര്‍. ആവശ്യം ഉന്നയിച്ചാല്‍ വാതില്പടിയില് സേവനവുമായി ആളെത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.