വഞ്ചിപ്പോട്ടിൽക്കടവ് പാലം: അടങ്കൽ തുക പുനർനിർണയിക്കും
1451176
Friday, September 6, 2024 11:07 PM IST
ചെങ്ങന്നൂര്‍: നഗരസഭയിലെ ഇടനാടിനെയും ആറന്മുള മണ്ഡലത്തിലെ കോയിപ്രം ഭാഗത്തെയും ബന്ധിപ്പിച്ച് വഞ്ചിപ്പോട്ടില്‍ കടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ അടങ്കല്‍ത്തുക പുനര്‍നിര്‍ണയിക്കും. ആര്‍ച്ച് ആകൃതിയിലാണ് പാലത്തിന്റെ നിര്‍മാണം. 8.4 കോടി രൂപയാണ് പാലം പണിക്ക് വകയിരുത്തിയിരുന്നത്.
എന്നാല്‍, പാലത്തിനായി കരാറെടുത്ത കമ്പനി ഈ തുക പര്യാപ്തമല്ലെന്നും അധികനിരക്ക് വേണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ആവശ്യപ്പെട്ട തുക പത്ത് ശതമാനത്തില്‍ കൂടുതലായതിനാല്‍ തീരുമാനം സര്‍ക്കാരിനു വിടുകയായിരുന്നു. ധനകാര്യവകുപ്പ് അധികനിരക്ക് അനുവദിക്കുന്ന കാര്യത്തില്‍ അനുകബല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നാണ് വിവരം. ഇതോടെ വഞ്ചിപ്പോട്ടില്‍ കടവില്‍ പാലം നിര്‍മിക്കാനായി അനുവദിക്കുന്ന തുക ഉയരുമെന്നുറപ്പായി.
വരട്ടാറിനു കുറുകെയുള്ള അഞ്ചാമത്തെ പാലത്തിന്റെ നിര്‍മാണത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എണ്പതു മീറ്റര്‍ നീളത്തിലാണ് പുതിയപാലം നിര്‍മിക്കുന്നത്. ഇറിഗേഷന്‍ വകുപ്പിനാണ് പാലത്തിന്റെ നിര്‍മാണച്ചുമതല. വഞ്ചിപ്പോട്ടില്‍ക്കടവില്‍ പാലമില്ലാത്തതിനാല്‍ നാലുകിലോമീറ്റര്‍ ചുറ്റിയാണ് ആളുകള്‍ ഇടനാട്ടില്നിന്നു കോയിപ്രത്ത് എത്തിയിരുന്നത്. പാലം വൈകുന്നതിനെതിരേ നാട്ടുകാര്‍ സമരം നടത്തിയിരുന്നു.
പുതുക്കുളങ്ങര, ആനയാര്‍, തൃക്കയില്‍ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിരുന്നു. തിരുവന്‍വണ്ടൂരിലെ തെക്കുംമുറി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. റീബില്‍ഡ് കേരളയില്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ പാലം അടുത്തമാസം ഉദ്ഘാടനംചെയ്തേക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ നഗരസഭയില്‍ ഇടനാടിനെയും ആറന്മുള മണ്ഡലത്തിലെ കോയിപ്രം ഭാഗത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് മുന്‍പ് ചപ്പാത്താണ് ഉണ്ടായിരുന്നത്. മൂന്നുപതിറ്റാണ്ടു മുന്‍പ് പമ്പാനദിക്കു കുറുകെ ഇടനാട്ടിലേക്ക് പുതിയ പാലം നിര്‍മിക്കുന്നതു വരെ ഇടനാട്ടിലേക്ക് വാഹന ഗതാഗതത്തിനുള്ള ഏക മാര്‍ഗം ഈ ചപ്പാത്തായിരുന്നു. ഇതു വഴിയാണ് ഇടനാട്ടിലെ കാര്‍ഷിക വിഭവങ്ങള്‍ ചെങ്ങന്നൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും എത്തിയിരുന്നത്.
ആദി പമ്പയുടെ തുടക്കമായ ഈ ഭാഗത്ത് പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നാല്‍ യാത്ര തടസപ്പെട്ടിരുന്നു. കൂടാതെ വരള്‍ച്ച സമയത്ത് പമ്പാനദിയില്‍നിന്നും ആദി പമ്പയിലേക്കുള്ള ഒഴുക്ക് തടസപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ പാലം നിര്‍മാണത്തിനായി ചപ്പാത്ത് പൊളിച്ചു നീക്കിയത്. ഇതോടെ നാലു മീറ്റര്‍ അധികം സഞ്ചരിച്ചാണ് ഇരു ഭാഗത്തുമുള്ളവര്‍ എത്തിയരുന്നത്.
35 മീറ്റര്‍ ലാന്‍ഡ് സ്പാനുകള്‍ ഉള്‍പ്പെടെ 80 മീറ്ററാണ് പുതിയതായി നിര്‍മിക്കുന്ന പാലത്തിന്റെ നീളം. ആദി പമ്പ, വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ഭാഗമായി നദി ഒഴുകുന്ന 10 കിലോ മീറ്റര്‍ ദൂരത്തില്‍ ഒന്‍പതു പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നതിനാണ് ആസൂത്രണം ചെയ്തത്.
കൈപ്പാലക്കടവ്, പുതുക്കുളങ്ങര പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു നല്കി. നഗരസഭയിലെ ഇടനാട്, മംഗലം പ്രദേശങ്ങളെ തമ്മില്‍ വേര്‍തിരിച്ചിരുന്ന ആദി പമ്പയ്ക്കു കുറുകെ കൈപ്പാലക്കടവ് പാലം നിര്‍മിച്ചതോടെ ഇരുകരകളിലുമുള്ളവര്‍ക്ക് അഞ്ചു കിലോമീറ്ററോളം ദൂരം കുറഞ്ഞു. പുതുക്കുളങ്ങരയില്‍ നേരത്തെയുണ്ടായിരുന്ന ചപ്പാത്തിന്റെ സ്ഥാനത്താണ് പുതിയ പാലമുയര്‍ന്നത്.
ആനയാര്‍, തൃക്കൈയില്‍ പാലങ്ങള്‍ പൂര്‍ത്തിയായി. നന്നാട് പാലം പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്. വഞ്ചിമൂട്ടില്‍ ക്ഷേത്രകടവ്, മാമ്പറ്റ, പ്രയാറ്റുകടവ് പാലങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഡിസൈന്വര്ക്കുകള് പുരോഗമിക്കുകയാണ്.