കഞ്ചാവും എംഡിഎംയുമായി റിസോർട്ട് നടത്തിപ്പുകാരൻ അറസ്റ്റിൽ
1450907
Thursday, September 5, 2024 11:40 PM IST
ആലപ്പുഴ: റിസോർട്ടിന്റെ മറവിൽ കഞ്ചാവും എംഡിഎംഎയും വിൽക്കുന്ന ആലപ്പുഴ സീവ്യു വാർഡ് പുതുവൽ പുരയിടം വീട്ടിൽ അഷ്റഫിന്റെ മകൻ സജീറിനെ (39) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്നുമാസമായി ആലപ്പുഴയിലെ വാടയ്ക്കൽ വാർഡിൽ കണ്ടത്തിൽ ലീലാ ചന്ദ്രനന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. എംഡിഎംഎയും കഞ്ചാവും നിരവധി പൊതികളായിട്ടാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇയാൾ മുൻപ് മാളികമുക്കിൽ ഒരു റിസോർട്ടു നടത്തിയിരുന്നു. മിക്ക ദിവസങ്ങളിലും അസമയത്തു കാറിലും ബൈക്കിലും വീട്ടിൽ ആളുകൾ വന്നുപോകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇയാളുടെ വീട്ടിൽനിന്നും 7.20 ഗ്രാം എംഡിഎംഎയും 250ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ സൗത്ത് സിഐ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ സൗത്ത് എസ്ഐ ബിജു, ജോസ് കെ.എസ്, സുരേഷ് കുമാർ തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് റിസോർട്ടുകൾ കേന്ദ്രികരിച്ചു കൂടുതൽ പരിശോധന ഉണ്ടാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി അറിയിച്ചു.