കാരുണ്യ പ്രവൃത്തികളിലൂടെ നന്മയുടെ പ്രഭ പരത്തണം: മാർ തോമസ് തറയിൽ
1451479
Sunday, September 8, 2024 3:01 AM IST
കുട്ടനാട്: മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സ്വപ്നങ്ങൾ ഇല്ലാതെ പോകുന്നതാണ് മലയാളികൾ വളരാത്തതിന്റെ കാരണമെന്നും സ്വയം ജീവിക്കാതെ നമ്മുടെ ജീവിതം മറ്റുള്ളവർക്കു വേണ്ടി നൽകുമ്പോഴാണ് സംതൃപ്തിയുണ്ടാകുന്നതെന്നും ചങ്ങനാശേരി അതിരൂപത നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ.
കേരള റോവിംഗ് ആൻഡ് പാഡ്ലിംഗ് ബോട്ട് ക്ലബ് അസോസിയേഷൻ, കേരള ബോട്ട് റെയ്സ് ലീഡേഴ്സ് ഫൗണ്ടേഷൻ, സെന്റ് ആന്റണീസ് സാധുജന സഹായ സംഘത്തിന്റെ ആറാം വാർഷികം, ചാരിറ്റി ഫണ്ട് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ തോമസ് തറയിൽ.
മനുഷ്യരുടെ സമ്പത്തും കഴിവും സമയവും മനസും മറ്റുള്ളവർക്ക് നൽകുമ്പോൾ സമൂഹം വളരുമെന്നും മനുഷ്യസ്നേത്തിലൂടെ യഥാർഥദൈവാരാധനയാണു നടത്തുന്നതെന്നും മാർ തോമസ് തറയിൽ പറഞ്ഞു. അനാഥലായങ്ങൾക്കുള്ള ചാരിറ്റി ഫണ്ട് വിതരണവും പേരുകേട്ട വള്ളംകളിക്കാരെയും കുട്ടനാട്ടിലെ പ്രഗത്ഭരായ കർഷകരെയും മാർ തോമസ് തറയിൽ ചടങ്ങിൽ ആദരിച്ചു.
കിടങ്ങറ പോപ്പ് ജോൺ 23 റിഹാബിലിറ്റേഷൻ സെന്ററിൽ (സ്നേഹതീരം) നടന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി.റ്റി. തോമസ് കാച്ചാംകോടം അധ്യക്ഷത വഹിച്ചു. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യപ്രഭാഷണവും ഭിന്നശേഷിക്കാർക്കുള്ള ചാരിറ്റി ഫണ്ട് വിതരണവും നടത്തി. ഫാ.ഫ്രാൻസിസ് വടക്കേയറ്റം, ഫാ.ജോമോൻ കാപ്രക്കുന്ന്, തോമസുകുട്ടി മാത്യൂ ചീരംവേലിൽതുടങ്ങിയവർ പ്രസംഗിച്ചു.