വിളക്കുമരം പാലം ഒരുങ്ങി; യാത്രക്കാര്‍ക്ക് പുതുവഴിയായി
1451775
Sunday, September 8, 2024 11:50 PM IST
പൂച്ചാക്കല്‍: പ്രതീക്ഷകള്‍ക്കു ചിറകു മുളച്ചു. വിളക്കുമരം പാലം നിര്‍മാണം പൂര്‍ത്തിയായി. ചേര്‍ത്തല - അരൂക്കുറ്റി റോഡിനു സമാന്തരമായി തൃച്ചാറ്റുകുളം മുതല്‍ നെടുമ്പ്രക്കാടു വരെ വിഭാവനം ചെയ്തിരിക്കുന്ന സമാന്തരപാതയുടെ ഭാഗമായി ചെങ്ങണ്ട തോടിന് കുറുകെയാണ് വിളക്കുമരം-നെടുമ്പ്രക്കാട് പാലം നിര്‍മിക്കുന്നത്.
നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കരതൊടാതെ നില്‍ക്കുകയായിരുന്നു പാലം. നിര്‍മാണം പൂര്‍ത്തിയായതോടെ ഡിസംബറോടെ തുറന്നു കൊടുക്കാനാകും എന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകള്‍. ഇരുവശങ്ങളിലും അപ്രോച്ച് റോഡുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. മഴ തടസമാകുന്നുണ്ട്. മറ്റു തടസങ്ങളായിരുന്ന വൃക്ഷങ്ങള്‍ നീക്കല്‍, കെഎസ്ഇബിയുടെ വൈദ്യുതക്കമ്പികളും തൂണുകളും നീക്കല്‍ എന്നിവ കഴിഞ്ഞു.
വേഗത്തിലെത്താം
ജല അഥോറിറ്റിയുടെ പൈപ്പുകള്‍ ഇരുകരകളിലേതും നീക്കാനുണ്ട്. പാലം യാഥാര്‍ഥ്യമാകുമ്പോള്‍ പഴക്കമേറെയുള്ള ചെങ്ങണ്ട പാലത്തിന് ആശ്വാസമാകും. മാത്രമല്ല താലൂക്കിന്റെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് വേഗത്തില്‍ ചേര്‍ത്തല ടൗണില്‍ എത്താനാകും. 136 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മാണം. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയായ പള്ളിപ്പറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ പഞ്ചായത്തുകള്‍ക്കും ഗുണകരമാകും. പള്ളിപ്പുറം പഞ്ചായത്തിലെ ഫുഡ് പാര്‍ക്ക്, കെഎസ്ഐഡിസി യുടെ വിവിധ കമ്പനികള്‍ എന്നിവയ്ക്ക് ചരക്ക് ഗതാഗതത്തിന് റോഡ് സൗകര്യമാകും. കൂടാതെ നാലു പഞ്ചായത്തുകളിലെ ഇരുപത്തിയാറ് ഗ്രാമീണ റോഡുകളും മറ്റ് ഉപറോഡുകളും ഈ പാതയിലേക്കാണ് എത്തുന്നത്.
തടസങ്ങള്‍ക്കൊടുവില്‍
2004 ടെന്‍ഡര്‍ ചെയ്ത് പാലം പണി തുടങ്ങിയതാണ്. ദേശീയപാതയ്ക്കു ബദലായി ചേര്‍ത്തലവഴി അരൂക്കുറ്റിക്ക് കടക്കാന്‍ സഹായകമാകുന്ന റോഡിലെ പ്രധാന കണക്ടിഗ് പാലമാണിത്. ഏറെ നാളായി ചേര്‍ത്തലക്കാര്‍ ഈ പാലത്തിന്റെ പൂര്‍ത്തീകരണത്തിന് കാക്കുന്നതും വെറുതെയല്ല. റോഡിന് വീതി കുറവായതിനാല്‍ പാലം പണിക്കുള്ള സാമഗ്രികള്‍ എത്തിക്കാന്‍ പ്രയാസം വന്നതോടെ കരാറുകാരന് പാതി വഴിക്കു സ്ഥലം വിടുകയായിരുന്നു.
പിന്നീട് അരൂരില്‍നിന്നു എ.എം. ആരിഫും ചേര്‍ത്തലയില്‍ നിന്നു പി. തിലോത്തമനും നിയമസഭയിലെത്തിയപ്പോഴാണ് വിളക്കുമരം പാലത്തിന് പിന്നീട് ജീവന് വച്ചത്. പിന്നീടും പല കാരണങ്ങളാല്‍ നിര്‍മാണം തടസപ്പെട്ടു. ഒടുവില്‍ വിളക്കുമം-നെടുമ്പ്രക്കാട് പാലം കര തൊട്ടു.