മാവേലിക്കര: കേരള യൂണിവേഴ്സിറ്റിയുടെ മാവേലിക്കരയിലുള്ള രാജ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിന്റെ ആർട്ട് ഗാലറിയിൽ സമകാലീന കലയുടെ ഒരു ചിത്ര ശില്പ പ്രദർശനം ഇന്നു രാവിലെ 11ന് മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യും. സെന്റർ ഓഫ് എക്സല്ലൻസിന്റെ ഓണററി ഡയറക്ടർ പ്രൊഫ. ടെൻസിംഗ് ജോസഫ് അധ്യക്ഷനാകുന്ന ചടങ്ങിൽ എഴുത്തുകാരൻ ഉണ്ണി ആർ മുഖ്യ അഥിതി ആകും. മാവേലിക്കര മുനിസിപ്പാലിറ്റി ചെയർമാൻ കെ.വി. ശ്രീകുമാർ, ഡോ. മധു ഇറവങ്കര, ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മനോജ് വയലൂർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. എസ്. രാജേഷ് എന്നിവർ ആശംസകൾ അർപ്പിക്കും.
2024 അക്കാദമിക് വർഷത്തെ എംവിഎ പെയിന്റിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഏകദിന സംസ്ഥാനതല സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. പുതിയ അധ്യായന വർഷത്തെ കലാവിദ്യാർഥികൾക്ക് സമകാലീന കലയുടെ നവീന പ്രവണതകളെ പരിചയപ്പെടുത്താനും അവരുമായി സംവദിക്കാനും വേണ്ടിയുമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനത്തിന്റെ ആശയരൂപീകരണം നിർവഹിക്കുന്നത് ശില്പിയും സെന്ററിന്റെ ഓണററി ഡയറക്ടറുമായ പ്രൊഫ. ടെൻസിംഗ് ജോസഫും സെമിനാർ ഏകോപിപ്പിക്കുന്നത് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആനന്ദകൃഷ്ണനുമാണ്. ഒരുമാസം നീണ്ടുനിൽക്കുന്ന കലാപ്രദർശനത്തിൽ പ്രമുഖ കലാകാരരായ എൻ.എൻ. റിംസൻ, എസ്.എൻ. സുജിത്, മുരളി ചീരോത്ത്, കാട്ടൂർ നാരായണ പിള്ള, സജിത ശങ്കർ, അഞ്ജു ആചാര്യ, മനോജ് വയലൂർ, ബാലമുരളി കൃഷ്ണൻ, സാറ ഹുസൈൻ, സൂരജ കെ.എസ്., അമീൻ ഖലീൽ തുടങ്ങിയവർ പങ്കെടുക്കും. കലാപ്രദർശനത്തിന്റെ ഭാഗമായി സെന്ററിന്റെ മതിലിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഗ്രാഫിറ്റി ആർട് നിർമിക്കുന്നത് കുട്ടികൾക്കും പൊതുജനങ്ങൾക്ക് ചുവർ ചിത്രകലയുടെ പുതിയ കാഴ്ചകൾ സമ്മാനിക്കുകയാണ് സെിന്ററിന്റെ ലക്ഷ്യം.