ചെന്നിത്തല പള്ളിയോടം നീരണിഞ്ഞു
1451778
Sunday, September 8, 2024 11:50 PM IST
മാന്നാര്‍: ചെന്നിത്തല പള്ളിയോടം നീരണിഞ്ഞു. ചെന്നിത്തല തെക്ക് 93-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം 130 മത് തിരുവാറന്മുള ഭഗവത് ദര്‍ശനത്തിനായി പോകുന്നതിനായിട്ടാണ് നീറ്റില്‍ ഇറക്കിയത്. ഇന്നലെ വലിയ പെരുമ്പുഴ പള്ളിയോട കടവില്‍ രാവിലെ 10.55 നും 11.35 നും മധ്യേ ശുഭമുഹൂര്‍ത്തത്തില്‍ നിരവധി ഭക്ത ജനങ്ങളെ സാക്ഷി നിര്‍ത്തി നീര്ണിഞ്ഞു.
വാലാടത്ത് ബ്രഹ്മശ്രീ കേശവന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പള്ളിയോട പുരയില്‍ പൂജാദികര്‍മങ്ങള്‍ നടന്നു. അതിനു ശേഷം ചാലാ ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി, വഞ്ചിപ്പാട്ട്, വാദ്യഘോഷം തുടങ്ങിയവയുടെ അകമ്പടിയോടെ പള്ളിയോട പുരയില്‍ എത്തി പട്ടും വിസിലും നല്കി പള്ളിയോട പുരതുറന്ന് നീരണിയല്‍ ചടങ്ങ് ആരംഭിച്ചു.
ചടങ്ങിന് 93ാം നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ദിപു പടകത്തില്‍, സെക്രട്ടറി ഗോപാല കൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി സന്തോഷ് ചാലാ , ട്രഷര്‍ വിനീത് കിണറുവിള, പള്ളിയോട പ്രതിനിധികളായ രാകേഷ് മഠത്തില്‍ വടക്കേതില്‍, സുധീഷ് കുമാര്‍ എസ്., കമ്മറ്റി അംഗങ്ങളായ അനിത വിജയന്, വിജയകുമാരി , രമേശ്, ശ്രീകുമാര്‍, മോഹന്‍ദാസ്,വനിതാ സമാജം പ്രസിഡന്റ് ഉഷ ആര്. പിള്ള സെക്രട്ടറി സുമ പ്രദീപ്, താലൂക്ക് യൂണിയന് അംഗങ്ങളായ ശശിധരന് നായര്‍, വിജയകുമാര്‍, എന്‍എസ്എസ് പ്രതിനിധിസഭാ അംഗം സതീശ് ചെന്നിത്തല, മേഖല പ്രതിനിധി സദാശിവന് പിള്ള, ജനപ്രതിനിധി അഭിലാഷ് തൂമ്പിനാത്ത് എന്നിവര്‍ നേതൃത്വം നല്കി. 17ന് രാവിലെ ഒന്‍പതിന് ഭഗവാനുള്ള തിരുമുല്‍ കാഴ്ചയുമായി പള്ളിയോടം ആറന്മുള ദര്‍ശനത്തിനായി യാത്ര തിരിക്കും.