മെഡി. കോളജ് ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം നിലച്ചു
1450908
Thursday, September 5, 2024 11:40 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം നിലച്ചു. രോഗികൾ ദുരിതത്തിൽ. യൂറോളജി വിഭാഗത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ വിഭാഗത്തിന്റെ താഴെ പ്രവർത്തിക്കുന്ന കാത്ത് ലാബിന്റെ പ്രവർത്തനം നിർത്തിവച്ചത്.
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇവിടെനിന്ന് മലിനജലം കാത്ത് ലാബിലേക്ക് ഒഴുകിയെത്തുകയാണ്. രണ്ടുമാസം മുൻപ് യന്ത്രത്തകരാറിനെത്തുടർന്ന് കാത്ത് ലാബിന്റെ പ്രവർത്തനം ആഴ്ചകളോളം തടസപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഇപ്പോൾ അറ്റകുറ്റപ്പണിയുടെ പേരിൽ കാത്ത് ലാബ് വീണ്ടും അടച്ചത്.
ഇതോടെ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി തുടങ്ങിയ പരിശോധനകൾക്കു വിധേയരാകേണ്ട ഹൃദ്രോഗികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ്. ചിലർ ഈ പരിശോധനകൾക്കായി സ്വകാര്യ സ്കാനിംഗ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്. 20,000 രൂപ വരെയാണ് ഇതിന് ചെലവാകുന്നത്.
നിർധനരായ രോഗികളാണ് കാത്ത് ലാബിന്റെ പ്രവർത്തനം നിലച്ചതോടെ വലയുന്നത്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി 15 ഓളം രോഗികളെ ദിവസേന കാത്ത് ലാബിൽ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരെല്ലാം ഇപ്പോൾ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോൾ.