തിരുവനന്തപുരം: ഈ വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാറിന് അന്തിമതീരുമാനമാകുമെന്ന് ജർമനി പ്രതീക്ഷിക്കുന്നതായി കർണാടകയിലെയും കേരളത്തിലെയും ജർമൻ കോണ്‍സൽ ജനറൽ അഹിം ബർകർട്ട്. ജർമൻ ഐക്യദിന പരിപാടിയിൽ അതിഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ജർമനിയും തമ്മിൽ നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ബന്ധം ഈ വർഷാവസാനത്തോടെ ഇന്തോ യൂറോപ്യൻ സ്വതന്ത്രവ്യാപാര കരാർ അന്തിമമാക്കാനുള്ള സന്നദ്ധതയാണ് കാണിക്കുന്നതെന്ന് അഹിം ബർകർട്ട് പറഞ്ഞു.
യുഎൻ ചാർട്ടറിലെ തത്വങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇരു രാജ്യങ്ങളും ഐക്യത്തിലാണെന്ന് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൊയ്ഥെ സെന്റർ തിരുവനന്തപുരം ഡയറക്ടറും ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ കേരളത്തിലെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗൊയ്ഥെ സെന്റർ ചെയർമാൻ ജി. വിജയരാഘവൻ സ്വാഗതം പറഞ്ഞു.
ജർമൻ മോഡൽ പാർലമെന്റിലെ വിജയികൾക്ക് അഹിം ബർകർട്ട് പുരസ്കാരം നൽകി. തുടർന്ന് മ്യൂണിക്ക് ആസ്ഥാനമായ ബക്ക് റോജർ സൈഡ്ട്രാക്കേഴ്സ് അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു.
Tags : German Consul Trade Agreement