തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസർക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീക്ഷണശാലകളാക്കി കേരളത്തിലെ സ്കൂളുകളെ പിണറായി സർക്കാർ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സ്കൂളുകൾ.
ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണാപത്രത്തേക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നതുതന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾക്ക് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകിയതുകൊണ്ടു മാത്രമാണ് കേരളവും അതീവ രഹസ്യമായി പിഎം ശ്രീയുടെ ഭാഗമായത്.
കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Tags : Rss Sunny Joseph