മലപ്പുറം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്നു തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അതിനായി ശ്രമം തുടരുകയാണ്.
അർജന്റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ലെന്നും അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ സ്പോണ്സറുടെ നേതൃത്വത്തിൽ നന്നായി ശ്രമിച്ചുവെന്നും സ്റ്റേഡിയം അനുമതിയുമായി ബന്ധപ്പെട്ട കടന്പയാണ് മുന്നിലെന്നും അത് മറികടന്ന് മത്സരം സംഘടിപ്പിക്കാൻ കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മലപ്പുറം പുലാമന്തോളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം കളി നടക്കരുതെന്ന ആഗ്രഹത്തിൽ കേരളത്തിൽ നിന്ന് പലരും ഫിഫയ്ക്ക് മെയിൽ അയച്ച് ഫിഫയിൽ പ്രശ്നമുണ്ടാക്കിയെന്നും മന്ത്രി ആരോപിച്ചു.
കൊച്ചിയിലെ വേദി സന്ദർശിച്ച അർജന്റീന ടീം പ്രതിനിധികൾ സംതൃപ്തരായിരുന്നു. നവംബറിൽ നടത്താൻ തന്നെയാണ് നിലവിൽ ശ്രമം തുടരുന്നത്. കളി നടക്കുമെന്ന് തന്നെയാണ് പ്രത്യാശയെന്നും മന്ത്രി പറഞ്ഞു.
അർജന്റീന ടീമില്ലാതെ നായകൻ ലയണൽ മെസി മാത്രമായി കേരളത്തിലേക്ക് വരാൻ തയാറാണ്. അത് വേണ്ടെന്നാണ് തീരുമാനമെന്നും നവംബറിൽ തന്നെ അർജന്റീന വരണമെന്നാണ് സർക്കാർ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
Tags : Argentine v abdurahiman Messy