തിരുവനന്തപുരം: ആകാശവിതാനത്തിലേക്കു കുതിച്ചുയര്‍ന്ന സെഫാനിയ താഴ്നിറങ്ങിയത് സുവര്‍ണ പതക്കവുമായി. ജംപിംഗ് പിറ്റില്‍നിന്നും ആകാശത്തേക്ക് ഒരു നിമിഷം നോക്കിയ സെഫാനിയയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. “മോളെ നിന്റെ കുതിപ്പ് സ്വര്‍ഗത്തിലിരുന്നു പപ്പാ കാണുന്നുണ്ടാവുമെന്ന” അമ്മ മേരിയുടെ വാക്കുകളായിരുന്നു അപ്പോള്‍ സെഫാനിയയുടെ മനസില്‍ ഓടിയെത്തിയത്.
മകളുടെ സുവര്‍ണ നേട്ടത്തിനായി കാത്തിരുന്ന പിതാവിന്റെ അകാലത്തിലുള്ള വേര്‍പാടിന്റെ മുറിപ്പാടുകളുമായാണ് സെഫാനിയ പോരാട്ടത്തിനിറങ്ങിയതും സുവര്‍ണനേട്ടം സ്വന്തമാക്കി പിതാവിന്റെ ഓര്‍മയ്ക്കു മുന്നില്‍ സമര്‍പ്പിച്ചതും. മെഡല്‍ നേടിയതിനു പിന്നാലെ ഗ്രൗണ്ടിനു പിന്നില്‍ കാത്തു നിന്ന അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയപ്പോള്‍ മകളെ മേരി വാരിപ്പുണര്‍ന്നു. ഇരുവരുടേയും കണ്ണു നിറഞ്ഞു തുളുമ്പി.
ജൂണിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ സെഫാനിയ നിറ്റുവിന്റെ കഥയാണിത്. മക്കളെ കായികരംഗത്തേയ്ക്ക് കൈപിടിച്ചു നടത്തിയിരുന്നത് പിതാവ് നിറ്റു ആന്റണിയായിരുന്നു.അഞ്ചു മാസം മുമ്പ് മഞ്ഞപ്പിത്തം മൂര്‍ച്ചിച്ചാണ് നിറ്റുവിന്റെ ജീവന് നഷ്ടമായത്.
ഇതോടെ സെഫാനിയയും സഹോദരന് സാന്റിനോയും കായികരംഗത്ത് ഇനി എന്തെന്ന പകച്ചു നില്‍ക്കുമ്പോഴാണ് മാതാവ് മേരി പറഞ്ഞത് അച്ഛന് നിങ്ങളെ എന്താക്കാനാണ് ആഗ്രഹിച്ച് അതിനുവേണ്ടി നിങ്ങള്‍ പോരാടണം.
കഴിഞ്ഞ സംസ്ഥാന മീറ്റില്‍ മത്സരത്തിനിടെ പോള്‍ ഒടിഞ്ഞതു മൂലം വെള്ളിയില്‍ തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അന്നു സ്വര്‍ണം നേടിയ മലപ്പുറം ഐഡിയല്‍ സ്കൂളിലെ അമല്‍ ചിത്രയെ പിന്തള്ളിയാണ് സെഫാനിയ ഇത്തവണ സ്വര്‍ണം കരസ്ഥമാക്കിയത്.
കഴിഞ്ഞ തവണ പോള്‍ ഒടിഞ്ഞതിനു പകരമായി മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്പോണ്സര്ഷിപ്പില് ലഭിച്ച പോളുമായിട്ടാണ് ഇത്തവണ മത്സരിക്കാനെത്തിയത്. ഇത്തവണയും മത്സരത്തിനിടെ ആദ്യ പോള്‍ ഒടിഞ്ഞെങ്കിലും സെഫാനിയായുടെ മനസ് പതറിയില്ല. മറ്റൊരു പോളില്‍ മത്സരിച്ച് 2.80 മീറ്ററാണ് ചാടിയാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. ആലുവയിലാണ് സെഫാനയയുടെ വീട്. ജിവി രാജ സ്കൂളിലെ വിദ്യാര്ഥിയ സാന്റിനോ നിറ്റുവാണ് സഹോദരന്.
Tags : State school sefania