കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തില്ല. ഫിഫ അനുമതി ലഭ്യമാകാതെ വന്നതോടെയാണിത്. ഇതോടെ അര്‍ജന്റീനയുടെ എതിരാളികളാകാന്‍ പരിഗണിച്ച ഓസ്ട്രേലിയയും കേരളത്തില്‍ വരില്ല.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി സ്പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന് പറഞ്ഞു.
അടുത്തമാസം അംഗോളയുമായാണ് അര്‍ജന്റീനയുടെ മറ്റൊരു മത്സരം നടക്കുന്നത്. അവിടെനിന്നും കേരളത്തിലേക്കുള്ള യാത്രയുടെ പ്രശ്നങ്ങളും കളി മാറ്റിവയ്ക്കുന്നതിനു കാരണമായെന്ന് സ്പോണ്സര് പറഞ്ഞു. നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദമത്സരം കളിക്കുകയെന്ന് അര്‍ജന്റീന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 14, 18 തീയതികളില്‍ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരേ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീമിനു മത്സരങ്ങളുണ്ട്. അംഗോളയില്‍ കളിക്കുന്നതിനുമുമ്പ് അര്‍ജന്റീന സ്പെയിനിലാണു പരിശീലിക്കുക. മത്സരവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് സ്പോണ്‍സറായ ആന്റോ അഗസ്റ്റിന്റെ പ്രഖ്യാപനം.
നവംബറിലെ വിന്‍ഡോയില്‍ മത്സരം നടക്കില്ലെന്നും അടുത്ത വിന്‍ഡോയില്‍ അര്‍ജന്റീന സംഘമെത്തുമെന്നും ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മാര്‍ച്ചിലാണ് അടുത്ത വിന്‍ഡോ. ഫിഫ അനുമതി ലഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണു നിലവിലെ തീരുമാനം.
അടുത്ത വിന്‍ഡോയില്‍ കേരളത്തിലെത്തുമെന്നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) അറിയിച്ചിട്ടുള്ളതെന്നും ആന്റോ അഗസ്റ്റിന് പറയുന്നു. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്സില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം.
Tags : messi Argentina lionel messi