പരവൂർ: സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി. ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ ഐഡന്ററ്റികൾ പരിശോധിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
മാത്രമല്ല ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നത് തടയാൻ പുതിയ സംവിധാനം വഴി ഒരു പരിധിവരെ സാധിക്കും എന്നാണ് ടെലികോം വകുപ്പിന്റെ പ്രതീക്ഷ.
ടെലികോം വകുപ്പിന്റെ ലൈസൻസുള്ള മൊബൈൽ ഓപ്പറേറ്റർമാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനം ബാധകമാകുക. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ഇതിൽ പങ്കാളികളാകാമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി ) പ്ലാറ്റ്ഫോമിലൂടെ വിശദാംശങ്ങൾ പരിശോധിച്ച് മൊബൈൽ നമ്പർ ശരിയായ വ്യക്തിയുടേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ കഴിയും.
ഏതാനും മാസങ്ങൾക്കുള്ളിൽ എംഎൻവി സംവിധാനം പൂർണമായും സജ്ജമാകും. ഇതോടെ പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോൾ ഉപഭോക്താക്കളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും സാധിക്കും. ഇതു വഴി സൈബർ തട്ടിപ്പുകൾ വലിയ തോതിൽ കുറയ്ക്കാൻ കഴിയും.
നിലവിൽ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പരുകൾ യഥാർഥത്തിൽ അക്കൗണ്ട് ഉടമകളുടേതാണെന്ന് ഉറപ്പാക്കാൻ നിയമപരമായ ഒരു സംവിധാനവുമില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് ടെലികോം സൈബർ സുരക്ഷാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്. ഇതിലൂടെ ബാങ്കുകൾക്കും ഫിൻടെക്ക് സ്ഥാപനങ്ങൾക്കും ടെലിഫോൺ നമ്പരുകളുടെ ഉടമസ്ഥാവകാശം ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട് നേരിട്ട് പരിശോധിക്കാൻ എംഎൻവി സംവിധാനം വഴി കഴിയും.
ടെലികോം കമ്പനികൾ സ്വമേധയാ ഈ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് മറ്റുള്ളവർക്ക് പ്രയോജനകരമാക്കണമെന്നും വകുപ്പ് നിഷ്കർഷിക്കുന്നു. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഭക്ഷ്യ വിതരണ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയ്ക്ക് ഈ സംവിധാനത്തിൽ പ്രവേശിക്കണമെന്ന് നിബന്ധനയില്ല. എന്നാൽ ഈ സ്ഥാപനങ്ങൾക്കും മൊബൈൽ നമ്പരുകളുടെ ആധികാരികത പരിശോധിക്കണമെങ്കിൽ നിർദിഷ്ട ഫീസ് അടച്ച് അവർക്കും എംഎൻവി പ്ലാറ്റ്ഫോമിന്റെ ഭാഗമാകാൻ സാധിക്കും.
Tags : Mobile validation cyber fraud