ന്യൂഡൽഹി: കടക്കെണിയിലായ ഗൗതം അദാനിയുടെ കന്പനിയെ രക്ഷിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയിൽനിന്ന് 33,000 കോടി രൂപയുടെ (3.9 ബില്യണ്‍ ഡോളർ) പദ്ധതി കേന്ദ്രം തയാറാക്കിയെന്ന് അമേരിക്കൻ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്.
കഴിഞ്ഞ മേയിൽ അദാനി ഗ്രൂപ്പ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിനു രൂപയുടെ നിക്ഷേപം നടത്തിയ തന്ത്രം ഏകോപിപ്പിച്ചത് കേന്ദ്ര ധനമന്ത്രാലയം, അതിന്റെ സാന്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്), എൽഐസി, നീതി ആയോഗ് എന്നിവയാണെന്ന് ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ നടത്തിയ അന്വേഷണം വിശദീകരിക്കുന്നു. ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മാത്രം ധനസഹായം നൽകിയ അദാനി പോർട്ട്സിനായി 585 മില്യണ്‍ ഡോളറിന്റെ ബോണ്ട് ഇഷ്യു ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നുവെന്നും പത്രം റിപ്പോർട്ട് ചെയ്തു.
അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ മോദിസർക്കാർ നിശബ്ദമായി മൊത്തം 3.9 ബില്യണ്‍ ഡോളറിന്റെ പണം സ്വരൂപിക്കൽ പദ്ധതി തയാറാക്കിയെന്നാണു രേഖകൾ സഹിതം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വെളിപ്പെടുത്തിയത്. അദാനി കന്പനികൾക്കു പണം നൽകാൻ പ്രധാന വിദേശബാങ്കുകൾ മടിച്ചപ്പോഴാണ് എൽഐസിയിൽനിന്ന് വിവിധ അദാനി കന്പനികൾക്കു പണം എത്തിക്കാനുള്ള പദ്ധതി മോദിസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയതെന്നാണ് ആരോപണം.
അദാനി ഗ്രൂപ്പിന്റെ കടബാധ്യത മുൻ വർഷത്തേക്കാൾ 20 ശതമാനം വർധിക്കുകയും അമേരിക്കയിൽ അദാനിക്കെതിരേ അഴിമതിക്കും വഞ്ചനാക്കുറ്റത്തിനും കേസെടുക്കുകയും ചെയ്ത സമയത്ത് അദാനി ഗ്രൂപ്പിൽ ആത്മവിശ്വാസം പകരുന്നതിനായിരുന്നു നിക്ഷേപപദ്ധതി.
അദാനി ഓഹരികളിൽ മറ്റു നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കൂടിയാണ് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ഡിഎഫ്എസും നീതി ആയോഗും ചേർന്നു നിക്ഷേപപദ്ധതി തയാറാക്കിയതെന്ന് അമേരിക്കൻ മാധ്യമം പറയുന്നു. യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന്റെ 2023ലെ റിപ്പോർട്ടിനെത്തുടർന്നാണ് അദാനി ഗ്രൂപ്പിനെതിരേ ഓഹരി കൃത്രിമത്വത്തിനും സാന്പത്തിക ക്രമക്കേടുകൾക്കും കേസെടുത്തത്.
ജെപിസി അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്
പത്രത്തിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതിയോ (ജെപിസി) പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോ (പിഎസി) അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്. അദാനി ഗ്രൂപ്പിനുവേണ്ടി 30 കോടി എൽഐസി പോളിസി ഉടമകളുടെ സന്പാദ്യമാണ് ‘മൊദാനി’ തട്ടിപ്പിൽ ദുരുപയോഗം ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഭൂരിപക്ഷവും താഴ്ന്ന, ഇടത്തരം വരുമാനക്കാരുടെ എൽഐസിയിലെ കോടിക്കണക്കിനു രൂപയാണ് ഒരു സ്വകാര്യ ഗ്രൂപ്പിലേക്കു മാത്രമായി നിക്ഷേപിച്ചതെന്നത് ഗുരുതരമാണ്. 2024 സെപ്റ്റംബർ 21ന് വെറും നാലു മണിക്കൂർ വ്യാപാരത്തിൽ എൽഐസിക്ക് 7,850 കോടി ഡോളർ നഷ്ടം നേരിട്ടതായി എക്സിൽ എഴുതിയ കുറിപ്പിൽ ജയ്റാം ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ ആശ്രിത സ്ഥാപനങ്ങൾക്കായി പൊതുജനങ്ങളുടെ പണം എറിഞ്ഞതിന്റെ ദോഷമാണിത്.
ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട ബിസിനസ് കൂട്ടാളിയായ കന്പനിക്കു സമൻസ് അയയ്ക്കാൻ മോദിസർക്കാർ ഒരു വർഷത്തോളം വിസമ്മതിച്ചെന്നും ജയ്റാം പറഞ്ഞു. ‘മോദാനി മെഗാസ്കാം’ എന്നതിൽ ആസ്തി വില്പനയ്ക്കായി ഏജൻസികളുടെ ദുരുപയോഗം, കൃത്രിമ സ്വകാര്യവത്കരണം, ഊതിപ്പെരുപ്പിച്ച കൽക്കരി ഇറക്കുമതി, രാഷ്ട്രീയപ്രേരിത കരാറുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറുകളുടെ യഥാർഥ ഗുണഭോക്താക്കൾ സാധാരണക്കാരല്ലെന്നും മോദിയുടെ അടുത്ത സുഹൃത്തുക്കളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. എൽഐസി പ്രീമിയത്തിനായി ചില്ലിക്കാശ് സന്പാദിക്കുന്ന മധ്യവർഗത്തിന്റെ പണം അദാനിക്കായി മോദി നൽകുന്നത് സാധാരണക്കാരന് അറിയാമോ? വിശ്വാസവഞ്ചനയും കൊള്ളയും അല്ലേ ഇതെന്നും ഖാർഗെ ചോദിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നികുതിദായകരുടെ 30,000 കോടി രൂപ അദാനിയുടെ പിഗ്ഗിബാങ്കായി ഉപയോഗിച്ചതിനെക്കുറിച്ച് ദേശസ്നേഹികളും മാധ്യമസ്ഥാപനങ്ങളും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു.
ജനങ്ങളുടെ പണംകൊണ്ടാണ് മോദിസർക്കാർ ഗൗതം അദാനിക്കു ധനസഹായം തുടരുന്നതെന്നും മഹുവ കുറ്റപ്പെടുത്തി.
ആരോപണം തെറ്റ്:എൽഐസി
‘വാഷിംഗ്ടണ്‍ പോസ്റ്റി’ന്റെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് എൽഐസി പ്രതികരിച്ചു. ബാഹ്യഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട റിപ്പോർട്ടിൽ ആരോപിക്കപ്പെട്ടതുപോലുള്ള ഒരു രേഖയോ പദ്ധതിയോ എൽഐസി ഇതുവരെ തയാറാക്കിയിട്ടില്ലെന്നും കന്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ബോർഡ് അംഗീകരിച്ച നയങ്ങൾക്കനുസരിച്ച് വിശദമായ സൂക്ഷ്മപരിശോധനയ്ക്കുശേഷം മാത്രമേ നിക്ഷേപ തീരുമാനങ്ങൾ എടുക്കുകയുള്ളൂ. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സാന്പത്തിക സേവന വകുപ്പിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ അത്തരം തീരുമാനങ്ങളിൽ പങ്കില്ല. ഉയർന്ന ജാഗ്രതാമാനദണ്ഡങ്ങൾ എൽഐസി ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്കൻ പത്രത്തിന്റെ റിപ്പോർട്ട് സത്യത്തിൽനിന്ന് അകലെയാണെന്നും എൽഐസി പറഞ്ഞു.
എൽഐസിയുടെ പ്രശസ്തിയും പ്രതിച്ഛായയും ഇന്ത്യയിലെ ശക്തമായ സാന്പത്തികമേഖലയുടെ അടിത്തറയും കളങ്കപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണു റിപ്പോർട്ടെന്ന് തോന്നുന്നതായും എൽഐസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.