തിരുവനന്തപുരം: ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഉസൈന്‍ ബോള്‍ട്ടായി ടി.എം. അതുല്‍. പതിറ്റാണ്ടുകളായി തല ഉയര്‍ത്തി നിന്ന റിക്കാര്‍ഡ് ഭേദിച്ച് 100 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയതിനു പിന്നാലെ, 200 മീറ്ററിലും റിക്കാര്‍ഡ് കുറിച്ച് സ്പ്രിന്റില്‍ ഇരട്ട റിക്കാര്‍ഡിന് ഉടമായി ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ ടി.എം. അതുല്‍. സ്പ്രിന്റിൽ ഡബിൾ റിക്കാർഡ് സ്വർണം, ഇതില്‍ കൂടുതല്‍ എന്തുവേണം ഈ സ്കൂള്‍ മീറ്റിലെ ഉസൈന്‍ ബോള്‍ട്ട് എന്ന വിശേഷണത്തിന്...
1988ല്‍ കോട്ടയം മീറ്റില്‍ തിരുവനന്തപുരം ജിവി രാജ സ്കൂളിലെ പി. രാംകുമാര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്ഥാപിച്ച 10.90 സെക്കന്‍ഡ് സമയം 10.81 ആക്കി തിരുത്തിയാണ് 37 വര്‍ഷം പഴക്കമുള്ള 100 മീറ്ററിലെ റിക്കാര്‍ഡ് അതുല്‍ തിരുത്തിയത്. ഇന്നലെ നടന്ന 200 മീറ്ററില്‍ 21.87 സെക്കന്‍ഡില്‍ അതുല്‍ ഫിനിഷ് ചെയ്തപ്പോള്‍ കടപുഴകിയത് 2017ല്‍ തിരുവനന്തപരം സായിയിലെ സി. അഭിനവ് സ്ഥാപിച്ച 22.28 സെക്കന്‍ഡ്.
റിക്കാര്‍ഡുകള്‍ ചിന്നിച്ചിതറി
മീറ്റിലെ തീപ്പൊരി പോരാട്ടങ്ങളില്‍ ഒന്നായി 200 മീറ്റര്‍ ഓട്ടത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റിക്കാര്‍ഡുകള്‍ ചിന്നിച്ചിതറുന്ന കാഴ്ചയാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. മൂന്നു കാറ്റഗറികളിലായി ആകെയുള്ള ആറിനങ്ങളില്‍ നാലിലും റിക്കാര്‍ഡ് പിറന്നു. സീനിയര്‍ ബോയ്സ്, ജൂണിയര്‍ ബോയ്സ്, ജൂണിയര്‍ ഗേള്‍സ്, സബ് ജൂണിയര്‍ ഗേള്‍സ് വിഭാഗങ്ങളിലാണ് റിക്കാര്‍ഡ് കുറിച്ചത്.
സീനിയര്‍ ആണ്‍കുട്ടികളില്‍ ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ. നിവേദ്കൃഷ്ണ 21.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വഴിമാറിയത് 14 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ്. 2011 ല്‍ കോട്ടയം ചങ്ങനാശേരി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂളിലെ ജിജിന് വിജയന് സ്ഥാപിച്ച 21.75 സെക്കന്‍ഡ് സമയമാണ് നിവേദ്കൃഷ്ണ തിരുത്തിയത്. 100 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയ നിവേദിന് ഇതോടെ ഈ മീറ്റിലെ സ്പ്രിന്റ് ഡബിള്‍ സ്വര്‍ണ നേട്ടമാണ്. തിരുനാവായ നാവമുകുന്ദയിലെ സി.കെ. ഫസല്‍ ഹക്ക് (21.83) വെള്ളിയും വടവന്നൂര്‍ വിഎംഎച്ച്എസിലെ അല്‍ ഷമീല്‍ (21.92) വെങ്കലവും നേടി.
ജൂണിയര്‍ ആകുട്ടികളില്‍ റിക്കാര്‍ഡോടെ ടി.എം. അതുല്‍ സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ കോട്ടയം മുരിക്കുംവയല്‍ സ്കൂളിലെ ശ്രീഹരി സി ബിനു (22.09) വെള്ളിയും കോയമന്നം സിഎഎച്ച്എസിലെ എസ്. സിനില്‍(22.14) വെങ്കലവും നേടി.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ റിക്കാര്‍ഡോടെ സ്വര്‍ണനേട്ടം സ്വന്തമാക്കിയ ദേവനന്ദ വി. ബിജുവും സ്പ്രിന്റ് ഡബിള്‍ നേട്ടത്തിന് അര്‍ഹയായി. 200 മീറ്ററില്‍ 2017ല്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ ആന്‍സി സോജന് സ്ഥാപിച്ച 25.13 സെക്കന്‍ഡ് സമയം 24.96 ആയി തിരുത്തിയാണ് ദേവാനന്ദ ഇന്നലെ റിക്കാര്‍ഡ് ബുക്കില്‍ പേരു കുറിപ്പിച്ചത്.
അത്ലറ്റിക്സില് ആദ്യ ദിനം നടന്ന 100 മീറ്ററിലും ദേവനന്ദയ്ക്കായിരുന്നു സുവര്‍ണനേട്ടം. 200 മീറ്ററില്‍ രണ്ടാം സ്ഥാനം തലശേരി സായിയിലെ ഇവാന ടോമിയും (25.44) മൂന്നാം സ്ഥാനം ആലപ്പുഴ സെന്റ് ജോസഫ്സിലെ ആര് ശ്രേയ (25.69) സ്വന്തമാക്കി.
അൻവി തകർത്തത് 87ലെ റിക്കാർഡ്
സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയ എസ്. അന്‍വിയും റിക്കാര്‍ഡ് ബുക്കില്‍ തന്റെ പേരു കുറിപ്പിച്ചു. 1987ല്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സിന്ധു മാത്യു സ്ഥാപിച്ച 26.30 സെക്കന്‍ഡ് സമയം 25.67 എന്ന് തിരുത്തയാണ് അന്വിയുടെ കുതിപ്പ്. കുളത്തുവയല്‍ സെന്റ് ജോര്‍ജിലെ അല്‍ക്ക ഷിനോജ് (26.55) വെള്ളിയും ഇടുക്കി കാല്‍വരിമൗണ്ട് ഹൈസ്കൂളിലെ ദേവപ്രിയ ഷൈബു(26.77) വെങ്കലവും നേടി.
സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ ഇന്നലെ സുവര്‍ണനേട്ടം സ്വന്തമാക്കിയതോടെ പുല്ലൂരംപാറ സെന്റ് ജോസഫ്സിലെ സഞ്ജയ് ഡബിള്‍ സ്പ്രിന്റിന് അവകാശിയായി. 24.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സഞ്ജയ് എന്ന മറുനാടന്‍ താരം സ്വര്‍ണനേട്ടത്തിന് അവകാശിയായത്. 100 മീറ്ററിലും സഞ്ജയ്ക്കായിരുന്നു സ്വര്‍ണം. 200 മീറ്ററില്‍ കുര്യച്ചിറ സെന്റ് പോള്‍സിലെ സി.എ. റയാന് (24.66) വെള്ളിയും തിരുനാവായ നാവാമുകുന്ദയിലെ നീരജ് (24.67) വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളില്‍ തിരുനാവായ നാവാമുകുന്ദയുടെ ആദിത്യ അജി (24.75) സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ പുല്ലൂരാംപാറയുടെ ജോതി ഉപാധ്യായ (24.76) വെള്ളിയും ആലൂര് ആര്‍എം ഹയര്‍സെക്കന്‍ഡറിയിലെ ഇ.ജെ. സോണിയ(25.89) വെങ്കലവും നേടി.
Tags : State school meet Athul