പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കും പെട്രോള്‍ പമ്പ് ഉടമ പി.പി. പ്രശാന്തനും എതിരേ സമര്‍പ്പിച്ച ഹര്‍ജി പത്തനംതിട്ട സബ് കോടതി ഫയലില്‍ സ്വീകരിച്ചു. നവംബര്‍ 11ന് പരിഗണിക്കും.
നവീന്‍ ബാബു കൈക്കൂലിക്കാരന് ആണെന്ന് പൊതു സമൂഹത്തിന് മുന്നില്‍ തെറ്റായി ചിത്രീകരിച്ചുവെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു. നവീന്‍ ബാബുവിന്റെ മരണശേഷവും അദ്ദേഹത്തെ കൈക്കൂലിക്കാരനെന്ന് ചിത്രീകരിച്ചതായി ഹര്‍ജിയില്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. വിചാരണ തീയതി തീരുമാനിച്ചിട്ടില്ല. തലശേരി സെഷന്‍സ് കോടതിയിലേക്കാണ് ഹര്‍ജി മാറ്റിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘം ശരിയായ അന്വേഷണമല്ല നടത്തിയതെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. 2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Tags : Naveen Babu