കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്
1601438
Tuesday, October 21, 2025 1:05 AM IST
അരിമ്പൂർ: സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരനെ തെറിപ്പിച്ചിട്ടശേഷം അപകടമുണ്ടാക്കിയ കാർ നിർത്താതെ കടന്നുകളഞ്ഞതായി പരാതി.
സ്കൂട്ടർ യാത്രക്കാരനായ അന്തിക്കാട് സ്വദേശി എടക്കളത്തൂർ ഫ്രാൻസിസിനെ(52) പരിക്കുകളോടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുന്നത്തങ്ങാടിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് നെൽവിത്ത് വാങ്ങുന്നതിനായി
സ്കൂട്ടറിൽ പോകുകയായിരുന്നു ഫ്രാൻസിസ്. നാലാംകല്ല് പെട്രോൾപമ്പിന് സമീപം വച്ച് ഫ്രാൻസിസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിലൂടെ പാഞ്ഞെത്തിയ കാർ ആദ്യം ഇടതുവശത്തു കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും പിന്നീട് വലതുവശത്തു കൂടി കയറിവന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. താൻ റോഡിലേക്ക് തെറിച്ചുവീണതായി ഫ്രാൻസിസ് അന്തിക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അപകടശേഷം കാർ നിർത്താതെ പോയി. കൈയ്ക്കും കാലിനും പരിക്കേറ്റ ഫ്രാൻസിസിനെ സ്വകാര്യ ആംബുലൻസ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.