ദേശീയപാതയിൽ വാഹനാപകടം; ഒരാൾക്കു പരിക്ക്
1601437
Tuesday, October 21, 2025 1:05 AM IST
കുതിരാൻ: ദേശീയപാത വാണിയംപാറയിൽ മിനി വാനും മാരുതി കാറും അപകടത്തിൽപ്പെട്ടു. അപകടത്തിൽ മിനി വാൻ ഡ്രൈവർ ആലത്തൂർ സ്വദേശി സുന്ദരന് പരിക്കേറ്റു. ഇയാളെ വടക്കുഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന വാൻ നിയന്ത്രണംവിട്ട് റോഡരികിലെ കോൺക്രീറ്റ് പാളികളിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഇതിന് പിന്നിൽ ഇതേദിശയിൽ പോയിരുന്ന കാർ ഇടിക്കുകയുംചെയ്തു. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി നിർമാണകമ്പനി റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് പാളികളിൽ ഇടിച്ച് മുൻപും പ്രദേശത്ത് അപകടം ഉണ്ടായിട്ടുണ്ട്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.