പാർളിക്കാട് - കുമ്പളങ്ങാട് റോഡ് പൂർണമായും ബിഎംബിസി നിലവാരത്തിലാക്കാൻ 1.92 കോടി
1601158
Monday, October 20, 2025 1:10 AM IST
വടക്കാഞ്ചേരി: പാർളിക്കാട് - കുമ്പളങ്ങാട് റോഡിന്റെ ബിഎംബിസി നിലവാരത്തിലുള്ള നവീകരണം പൂർത്തീകരിക്കുന്നതിനായി 1.92 കോടി രൂപകൂടി അനുവദിച്ചു. പാർളിക്കാട് - കുമ്പളങ്ങാട് റോഡിൽ ബിഎംബിസി നിലവാരത്തിലല്ലാത്ത 1.7 കിലോമീറ്റർ ദൂരംകൂടി ഉന്നതനിലവാരത്തിലാക്കുന്ന പദ്ധതി ക്കു ഭരണാനുമതി നൽകിക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
നേരത്തെ, കുമ്പളങ്ങാട് റോഡ് നവീകരണത്തിനായി അനുവദിച്ച 4.94 കോടി രൂപയുടെ പ്രവൃത്തിയോടൊപ്പം പാർളിക്കാട് - കുമ്പളങ്ങാട് റോഡിലെ 700 മീറ്റർ ദൂരവും ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നുണ്ട്.
ഈ റോഡിലെ ബാക്കിയുള്ള ഭാഗമായ 1.7 കിലോമീറ്റർ ദൂരമാണ് 1.92 കോടി രൂപ അനുവദിച്ച് നവീകരിക്കുന്നത്. ഈപ്രവൃത്തികൾപൂർത്തിയാകുന്നതോടുകൂടി കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയെ ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന പാലക്കാട് - മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന പ്രധാനറോഡുമായ പാർളിക്കാട് മുതൽ കാഞ്ഞിരക്കോട് വരെയുള്ള റോഡ് പൂർണമായും ബി എംബി സി നിലവാരത്തിലേക്ക് ഉയരും.
വടക്കാഞ്ചേരി ടൗണിൽ നിന്നും കുമ്പളങ്ങാട്ടേക്കുള്ള റോഡ് പൂർണമായും ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള പ്രവൃത്തിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞതാണ്. നെല്ലിക്കുന്ന് കൾവർട്ട് നിർമാണം പൂർത്തീകരിച്ചു.
തുക അനുവദിക്കപ്പെട്ട 6.86 കോടി രൂപയുടെ രണ്ടു പ്രവൃത്തികളും പൂർത്തീകരിക്കുന്നതോടെ ഈ പ്രദേശത്തെ റോഡുകൾ പൂർണമായും ബിഎം ബിസി നിലവാരത്തിലേക്ക് ഉയരും. പ്രവൃത്തികളുടെ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.