സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കഥക് നൃത്തം
1600644
Saturday, October 18, 2025 1:45 AM IST
കൊടകര: സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമംഗ് യൂത്തിന്റെ (സ്പിക് മാകെ) ആഭിമുഖ്യത്തിൽ സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (സിംസ്) പ്രശസ്ത കഥക് നർത്തകനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ ആകർഷകമായ നൃത്താവതരണം അരങ്ങേറി.
ഇന്ത്യൻ സംസ്കാരവും കലയും സംഗീതവും പ്രോത്സാഹിപ്പിക്കുക, സാംസ്കാരിക പൈ തൃകത്തെ യുവതലമുറയിലേക്ക് എത്തിക്കുക എന്നീ മഹത്തായ ലക്ഷ്യങ്ങളോടെയാണ് "സ് പിക് മാകെ' പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പണ്ഡിറ്റ് ഗംഗാനിയെ സിംസിലേക്ക് ക്ഷണിച്ചിരുന്നു. താളബദ്ധവും ഭാവഗാംഭീര്യവും നിറഞ്ഞ കഥക് നൃത്തച്ചുവടുകൾകൊണ്ട് അദ്ദേഹം സദസിനെ വിസ്മയിപ്പിച്ചു. നൃത്തത്തിന്റെ സൗന്ദര്യവും സൂക്ഷ്മതയും വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ച ഈ പ്രകടനം ഇന്ത്യൻ കലാരൂപങ്ങളുടെ സന്പന്നതയെ അടുത്തറിയാനുള്ള അപൂർവ അവസര മായി.
പണ്ഡിറ്റ് ഗംഗാനിക്ക് ഫത്തേഹ്സിംഗ് ഗംഗാനി (തബല), നവീൻ പ്രസാദ് (വോക്കലും ഹാർമോണിയവും), രവിശങ്കർ ശർമ (സിത്താർ) എന്നിവർ സംഗീത അകന്പടി നൽകി. അനഘ വാര്യരും നൃത്താവതരണത്തിൽ പങ്കാളിയായി.
സിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജിനോ ജോണി മാളക്കാരൻ, ഡയറക്ടർ ഡോ. ധന്യ അലക്സ് എന്നിവർ പ്രസംഗിച്ചു.