എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം അവസാനഘട്ടത്തിലേക്ക്
1601426
Tuesday, October 21, 2025 1:05 AM IST
എടതിരിഞ്ഞി: വില്ലേജിലെ ഭൂമിയുടെ ന്യായവില സംബന്ധിച്ച കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി താലൂക്കുതല ടീം പരിശോധന നടത്തി. മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.വി. സജിത, ടി.കെ. പ്രമോദ്, ടി.വി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്തിയത്.
വില്ലേജിലെ ന്യായവില സംബന്ധിച്ച അപാകങ്ങള്‍ പരിഹരിച്ച് പുനര്‍നിര്‍ണയിക്കുന്നതിന് ജൂലൈ 18 ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഇതിന്റെ ഔദ്യോ ഗിക ജോലികള്‍ അവസാനഘട്ടത്തിലാണ്.
കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുമുമ്പായി സര്‍ക്കാര്‍ ഉത്തരവുപ്രകാരം അഞ്ചുശതമാനം പരിശോധന നടത്തേ ണ്ടതിന്റെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ വില്ലേജിലെ എല്ലാ സര്‍വേ നമ്പറുകളിലുള്ള ഭൂമികളും പരിശോധിച്ച് വില പുനര്‍നിര്‍ണയിച്ചിരുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച് എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതുകണ്ടെത്തി പരിഹരിച്ച് ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള താലൂക്കുതല കമ്മിറ്റിക്ക് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു താലൂക്കില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധനയ്ക്കെത്തിയത്. താലൂക്കുതല കമ്മിറ്റിയില്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അതു ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കും. കളക്ടറാണ് പിന്നീട് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് കൈമാറുന്നത്.
താലൂക്കുതല ഉദ്യോഗസ്ഥസംഘത്തില്‍ കാട്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ എം.ആർ. സിജില്‍, എടതിരിഞ്ഞി വില്ലേജ് ഓഫീസര്‍ പി.എസ്. സുജിത്ത്, വില്ലേജ് ഓഫീസര്‍ സിജു ജോസഫ്, വില്ലേജ് അസിസ്റ്റന്റ് കെ.ജെ. വിന്‍സണ്‍, ക്ലര്‍ക്കുമാരായ വിദ്യാ ചന്ദ്രൻ, സി. പ്രസീത, സാഗിയോ സില്‍ബി എന്നിവരുണ്ടായിരുന്നു.