ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ കോട്ടപ്പുറം കായലിൽ 25ന്
1601428
Tuesday, October 21, 2025 1:05 AM IST
കൊടുങ്ങല്ലൂർ: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ 25ന് നടത്തും. ഉച്ചക്ക് 1.30 ന് മന്ത്രി കെ. രാജൻ ജലമേളയുടെ ഉദ്ഘാടനം നിർവഹിക്കും.
അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷതവഹിക്കും. ബെന്നി ബഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
ഒമ്പതു ജലരാജാക്കന്മാർ മാറ്റുരക്കുന്ന ഈ ജലമേളയ്ക്കു മാറ്റുകൂട്ടാൻ മുസിരിസ് ബോർഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി.കെ. രാജൻ മെമ്മോറിയൽ ട്രോഫിക്കും കെ. ഡി. കുഞ്ഞപ്പൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ഇരുട്ടുകുത്തി ഓടിവള്ളങ്ങളെയും ക്ലബ്ബുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മുസിരിസ് ജലോത്സവം ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. സാംസ്കാരിക സമ്മേളനം , കലാപരിപാടികൾ എന്നിവയും അനുബന്ധ പരിപാടികളായി നടത്തുന്നുണ്ട്.
സംഘാടക സമിതി ഓഫീസ് കോട്ടപ്പുറത്ത് അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ് ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. കെ.എസ്. കൈസാബ്, കെ.ആർ. ജൈത്രൻ, എൽസി പോൾ, ബീന ശിവദാസ്, ഫ്രാൻസിസ് ബേക്കൺ, ദിനിൽ മാധവ്, ഒ.സി. ജോസഫ്, പി.പി. രഘുനാഥ്, സി.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.